റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി, യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഈ സീസണിലെ ആദ്യത്തെ തോൽവി വഴങ്ങിയപ്പോൾ ബെൻഫിക്കയോട് തോറ്റ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നു തന്നെ പുറത്തായി. മറ്റു പ്രധാന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ബൊറൂസിയ ഡോർട്മുണ്ടും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് എസി മിലാൻ ഡൈനാമോ സാഗ്രബിനെതിരെ നേടിയത്. മറ്റൊരു പ്രധാന മത്സരത്തിൽ ചെൽസി റെഡ്ബുൾ സാൽസ്ബർഗിനെതിരെ വിജയം കുറിച്ചു.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർബി ലീപ്‌സിഗിനെതിരെയാണ് ഈ സീസണിലെ ആദ്യത്തെ തോൽവി വഴങ്ങിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ പതിനെട്ടാം മിനുട്ടിൽ തന്നെ ഗ്വാർഡിയോൾ, എൻകുങ്കു എന്നിവരിലൂടെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ ലീപ്‌സിഗിനെതിരെ ആദ്യപകുതിയിൽ വിനീഷ്യസ് ഒരു ഗോൾ മടക്കിയെങ്കിലും എൺപത്തിയൊന്നാം മിനുട്ടിൽ വെർണർ ടീമിന്റെ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ റോഡ്രിഗോ റയലിനായി ഒരു ഗോൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാൻ അവർക്കായില്ല. മോഡ്രിച്ച്, ബെൻസിമ, അലാബ തുടങ്ങിയ താരങ്ങളുടെ പരിക്കാണ് റയലിന് തിരിച്ചടി നൽകിയത്.

അതേസമയം അതിനിർണായകമായ മറ്റൊരു പോരാട്ടത്തിൽ ബെൻഫിക്കയോട് മൂന്നിനെതിരെ നാല് ഗോളുകൾക്ക് പൊരുതിതോറ്റാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത്. ആന്റണി സിൽവ, ജോവോ മരിയോ എന്നിവരുടെ ഗോളുകളും റാഫ സിൽവയുടെ ഇരട്ടഗോളുകളുമാണ് ബെൻഫിക്കക്ക് വിജയം നൽകിയത്. മോയ്‌സ്‌ കീൻ, അർകാഡിയോസ് മിലിക്ക്, വെസ്റ്റൻ മക്കന്നീ എന്നിവരിലൂടെ യുവന്റസ് മൂന്നു ഗോളുകൾ തിരിച്ചടിച്ച് പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാൻ അവർക്കായില്ല. ഇതോടെ അഞ്ചു മത്സരങ്ങളിൽ നിന്നും വെറും മൂന്നു പോയിന്റ് മാത്രം നേടിയാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത്.

ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രബിനെതിരെ മികച്ച വിജയം നേടിയതോടെ എസി മിലാൻ തങ്ങളുടെ നോക്ക്ഔട്ട് പ്രതീക്ഷകൾ വളരെയധികം വർധിപ്പിച്ചിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം മിലാൻ നേടിയ മത്സരത്തിൽ മാറ്റിയോ ഗാബിയ, റാഫേൽ ലിയാവോ, ഒലിവർ ജിറൂദ് എന്നിവർ ഗോൾ നേടിയപ്പോൾ റോബർട്ട് ലുബിസിച്ചിന്റെ സെൽഫ് ഗോളാണ് പട്ടിക തികച്ചത്. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മിലാന് നോക്ക്ഔട്ടിലെത്താൻ അടുത്ത മത്സരത്തിൽ സാൽസ്ബർഗിനെതിരെ വിജയം വേണം. തോറ്റാൽ മിലാനും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ മത്സരത്തിൽ ചെൽസി സാൽസ്ബർഗിനെതിരെ വിജയം നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും ഡോർട്മുണ്ടും തമ്മിൽ ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. മാറ്റിയോ കോവസിച്ച്, കെയ് ഹാവേർട്സ് എന്നിവരുടെ ഗോളുകൾ ചെൽസിക്ക് വിജയം സമ്മാനിച്ചപ്പോൾ സാൽസ്ബർഗിനായി അഡമുവാണ് ആശ്വാസഗോൾ കണ്ടെത്തിയത്. ചെൽസി നോക്ക്ഔട്ട് ഉറപ്പിച്ചപ്പോൾ സമനില വഴങ്ങിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ബൊറൂസിയ ഡോർട്മുണ്ടിന് അടുത്ത മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടിയാൽ നോക്ക്ഔട്ടിലേക്ക് മുന്നേറാൻ കഴിയും.