വീണ്ടും മെസി മാജിക്ക്, ഗോളുകളും അസിസ്റ്റുകളുമായി താരം നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക് വമ്പൻ ജയം

ലയണൽ മെസിയുടെ കാലുകൾ ഒരിക്കൽക്കൂടി മാന്ത്രിക നീക്കങ്ങൾ നടത്തിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇസ്രായേലി ക്ലബായ മക്കാബി ഹൈഫക്കെതിരെ വമ്പൻ വിജയവുമായി പിഎസ്‌ജി. ലയണൽ മെസിക്കൊപ്പം എംബാപ്പയും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് പിഎസ്‌ജി വിജയം നേടിയത്. ലയണൽ മെസിയും കിലിയൻ എംബാപ്പയും രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ മത്സരത്തിൽ നെയ്‌മർ ജൂനിയർ, കാർലോസ് സോളാർ എന്നിവർ ഓരോ ഗോൾ കുറിച്ചപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു.

ലയണൽ മെസിയിലൂടെയാണ് മത്സരത്തിൽ പിഎസ്‌ജി ആദ്യ ഗോൾ നേടുന്നത്. ബോക്‌സിനുള്ളിൽ പ്രതിരോധതാരങ്ങളാൽ ചുറ്റപ്പെട്ട എംബാപ്പെ നൽകിയ ഗോൾ വളരെ അനായാസമായി വലയിലെത്തിച്ച് മെസി പിഎസ്‌ജിയെ മുന്നിലെത്തിച്ചു. പത്തൊൻപതാം മിനുട്ടിൽ പിറന്ന ആ ഗോളിന് ശേഷം അതിനു സമാനമായ രീതിയിൽ ഗോൾ നേടി എംബാപ്പെ ടീമിന്റെ ലീഡുയർത്തി. മൂന്നു മിനുട്ടിനകം മെസിയുടെ പാസിൽ നെയ്‌മർ ഒരു ഗോൾ കൂടി നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം പിഎസ്‌ജി പൂർണമായും പിടിച്ചെടുത്തു.

മുന്നേറ്റനിര തകർത്താടുമ്പോഴും പ്രതിരോധത്തിൽ പതർച്ചയുള്ളത് പിഎസ്‌ജിക്ക് ആശങ്ക തന്നെയാണ്. അതു മുതലെടുത്ത് മുപ്പത്തിയെട്ടാം മിനുട്ടിൽ ഒരു സെറ്റ് പീസിന് തലവെച്ച് അബ്ദുളായെ സെക്ക് പിഎസ്‌ജിക്ക് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും ആ സന്തോഷത്തിനു മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ആദ്യപകുതി അവസാനിക്കാൻ ഒരു മിനുട്ട് മാത്രം ശേഷിക്കെ എംബാപ്പയുടെ പാസ് സ്വീകരിച്ച് രണ്ടു പ്രതിരോധതാരങ്ങളെ മറികടന്ന് ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ മെസി പിഎസ്‌ജിയുടെ വല കുലുക്കി.

ആദ്യപകുതിയിൽ മക്കാബി ഹൈഫയുടെ ഗോൾ നേടിയ സെക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരിക്കൽക്കൂടി വലകുലുക്കിയെങ്കിലും പിഎസ്‌ജി വീണ്ടും ആഞ്ഞടിച്ച് മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. അറുപത്തിനാലാം മിനുട്ടിൽ ഹക്കിമിയുടെ പാസിൽ എംബാപ്പെ വീണ്ടും വല കുലുക്കിയപ്പോൾ സീൻ ഗോൾഡ്ബർഗിന്റെ സെൽഫ് ഗോൾ ഇസ്രായേലി ടീമിന് അടുത്ത പ്രഹരം നൽകി. തൊണ്ണൂറാം മിനുട്ടിൽ മെസിയുടെ പാസിൽ സോളർ ഗോൾ കൂടി ഗോൾ നേടിയതോടെ മത്സരത്തിൽ മികച്ച വിജയവും പിഎസ്‌ജി സ്വന്തമാക്കി.

മെസി, എംബാപ്പെ എന്നിവർ തകർത്താടുകയും നെയ്‌മർ ഗോൾ കണ്ടെത്തുകയും ചെയ്‌തതോടെ പിഎസ്‌ജി മുന്നേറ്റനിര വളരെ അപകടകാരികളായി തുടരുന്നുവെന്ന് വ്യക്തമാക്കിയ മത്സരമായിരുന്നു ഇന്നലത്തേത്. വിജയം നേടിയതോടെ ഗ്രൂപ്പിൽ നിന്നും പിഎസ്‌ജി നോക്ക്ഔട്ടിലേക്ക് മുന്നേറി. ഇനി യുവന്റസിനെതിരെയുള്ള ഒരു മത്സരം മാത്രമാണ് പിഎസ്‌ജിക്ക് ബാക്കിയുള്ളത്.