മെസിയുടെ പേരിൽ അഴിമതി നടക്കുന്നു, പുറത്തിറങ്ങാൻ പോലുമാകാതെ അർജന്റീന താരങ്ങളും | Messi

അന്താരാഷ്‌ട്ര സൗഹൃദമത്സരങ്ങൾക്കായി ചൈനയിൽ എത്തിയിരിക്കുകയാണ് അർജന്റീന ടീം. മത്സരങ്ങൾക്ക് പുറമെ പ്രൊമോഷൻ പരിപാടികളിലും ലോകകപ്പ് നേടിയ അർജന്റീന ടീമിലെ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ചൈനയിലേക്കുള്ള മെസിയുടെയും സംഘത്തിന്റെയും സന്ദർശനം വലിയ ആവേശമാണ് ഉണ്ടാക്കിയത്. വമ്പിച്ച വരവേൽപ്പാണ് അർജന്റീന ടീമിന് ബീജിങ്ങിൽ ലഭിച്ചിരിക്കുന്നത്.

അതിനിടയിൽ ലയണൽ മെസിയുടെ പേരിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ബീജിങ്ങിലെ പോലീസ് രംഗത്തു വന്നിട്ടുണ്ട്. നാല്പത്തിരണ്ടായിരം ഡോളർ (34 ലക്ഷം രൂപയോളം) നൽകിയാൽ ലയണൽ മെസിക്കൊപ്പം ഡ്രിങ്ക്സ് നടത്താൻ കഴിയുമെന്ന വാഗ്‌ദാനം നൽകി ചിലർ രംഗത്തു വന്നിട്ടുണ്ട്. ഇതൊരു അഴിമതിയാണെന്നാണ് ചൈനീസ് പോലീസ് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതിനിടയിൽ ലയണൽ മെസി കാരണം അർജന്റീന ടീമിന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. മെസിയുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ കുഴപ്പങ്ങളാണ് അർജന്റീന ടീം പുറത്തിറങ്ങാൻ വൈകിയത്. ആ സമയത്ത് അർജന്റീന സഹതാരം റോഡ്രിഗോ ഡി പോൾ മെസിക്കൊപ്പം ബോഡി ഗാർഡിനെ പോലെ നിന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്‌തു.

ആയിരക്കണക്കിന് ആളുകളാണ് ലയണൽ മെസ്സിയെയും അർജന്റീനയെയും സ്വീകരിക്കാൻ എത്തിയത്. പതിനഞ്ചിനു ആസ്ട്രേലിയക്കെതിരെയാണ് അർജന്റീന ആദ്യത്തെ മത്സരം കളിക്കുന്നത്. അതിനു ശേഷം പത്തൊൻപതിന് ഇന്തോനേഷ്യക്കെതിരെയും അർജന്റീന സൗഹൃദമത്സരം കളിക്കും. അതിനു ശേഷം ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

Chinese Police Warns About Messi Scams