സൗദിയുടെ പണക്കൊഴുപ്പിൽ റയൽ മാഡ്രിഡ് താരങ്ങൾ വീഴുന്നു, മറ്റൊരു താരം കൂടി പുറത്തേക്ക് | Saudi Arabia

റയൽ മാഡ്രിഡ് നേതൃത്വത്തെയും ആരാധകരെയും ഞെട്ടിച്ചാണ് കരിം ബെൻസിമ ക്ലബ് വിടാൻ പോവുകയാണെന്ന തീരുമാനം എടുത്തത്. പതിനാലു വർഷമായി റയൽ മാഡ്രിഡിന്റെ സ്‌ട്രൈക്കർ സ്ഥാനം മറ്റൊരാൾക്കും നൽകാതെ കാത്തു സൂക്ഷിച്ചു കൊണ്ടിരുന്ന ബെൻസിമ ഒരു വർഷം കൂടി കരാറിൽ ബാക്കി നിൽക്കെയാണ് ക്ലബിൽ നിന്നും വിടപറയാനുള്ള തീരുമാനമെടുത്തത്.

സൗദി അറേബ്യയിൽ നിന്നുള്ള വമ്പൻ ഓഫറാണ് ഫ്രഞ്ച് താരം റയൽ മാഡ്രിഡ് വിടുന്നതിലേക്ക് നയിച്ചത്. പ്രതിവർഷം ഇരുനൂറു മില്യൺ യൂറോ പ്രതിഫലവും ഒരു മുസ്ലിം രാജ്യത്ത് ജീവിക്കുകയെന്ന ആഗ്രഹവും കാരണം ക്ലബ് വിട്ട ബെൻസിമ സൗദി ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറുകയും ചെയ്‌തു. എന്നാൽ ബെൻസിമ ഒരു തുടക്കം മാത്രമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

സ്പെയിനിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് മധ്യനിരയിൽ പതിനൊന്നു വർഷമായി തുടരുന്ന ലൂക്ക മോഡ്രിച്ചും ക്ലബ് വിടാൻ സാധ്യതയുണ്ട്. മുപ്പത്തിയേഴുകാരനായ മോഡ്രിച്ചിന്റെ കരാർ ജൂണിൽ അവസാനിക്കുമെങ്കിലും റയൽ മാഡ്രിഡ് അതൊരു വർഷത്തേക്ക് കൂടി നീട്ടാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ സൗദിയിൽ നിന്നുമുള്ള വമ്പൻ ഓഫർ ക്രൊയേഷ്യൻ താരം പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.

മോഡ്രിച്ചിനെ സംബന്ധിച്ചിടത്തോളം ഇനി ഒന്നോ രണ്ടോ വർഷം മാത്രമേ കരിയറിൽ ബാക്കിയുണ്ടാകൂ എന്നുറപ്പാണ്. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡിനെക്കാൾ നിരവധി മടങ് പ്രതിഫലം നൽകുന്ന സൗദിയെ പരിഗണിക്കുന്നതിൽ ആശ്ചര്യമില്ല. അതേസമയം ക്ലബിനോട് ലോയലായി നിന്നിരുന്ന, അടുത്ത സീസണിലെ പദ്ധതികളിൽ സാന്നിധ്യമുള്ള താരങ്ങൾ ക്ലബ് വിടുന്നത് റയൽ മാഡ്രിഡിന് തിരിച്ചടിയാണ്.

Luka Modric Consider Saudi Arabia Offer