ഹാലൻഡ് ചാമ്പ്യൻസ് ലീഗ് ഉയർത്തിയതിനു ശേഷമുള്ള ബാലൺ ഡി ഓർ റാങ്കിങ്, മെസിക്ക് പുരസ്‌കാരം നേടാനാകുമോ | Ballon Dor

മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയതോടെ ബാലൺ ഡി ഓറിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. ഒക്ടോബർ 30ന് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ ആരാണ് അത് നേടാനാർഹനെന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. നിലവിൽ ലയണൽ മെസിയും എർലിങ് ഹാലാൻഡുമാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്.

ഖത്തർ ലോകകപ്പിൽ കിരീടം നേടിയതോടെ ലയണൽ മെസി പുരസ്‌കാരം നേടുമെന്നാണ് ഏവരും ഉറപ്പിച്ചത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ കിരീടം സ്വന്തമാക്കിയതോടെ ഇക്കാര്യത്തിൽ അർജന്റീന താരത്തിന് വെല്ലുവിളി ഉണ്ടായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ അടിച്ചുകൂട്ടി റെക്കോർഡുകൾ സ്വന്തമാക്കിയ താരം മെസിയെ മറികടന്ന് പുരസ്‌കാരം നേടുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു ശേഷമുള്ള ബാലൺ ഡി ഓർ പവർ റാങ്കിങ്ങിലും ലയണൽ മെസി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ തൊട്ടു പിന്നിൽ നിൽക്കുമ്പോൾ ഫ്രഞ്ച് താരം എംബാപ്പെ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ നാലാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി പ്ലേ മേക്കർ ഡി ബ്രൂയ്ൻ അഞ്ചാമതുമാണ്.

ലോകകപ്പും ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും സ്വന്തമാക്കിയ ലയണൽ മെസി മുപ്പത്തിയെട്ടു ഗോളും ഇരുപത്തിയഞ്ച് അസിസ്റ്റുമാണ് ഈ സീസണിൽ സ്വന്തമാക്കിയത്. ലോകകപ്പ് നേട്ടമുള്ളതിനാൽ തന്നെ താരത്തിന് തന്നെയാണ് സാധ്യത കൂടുതൽ. മെസി സ്വന്തമാക്കിയാൽ താരത്തിന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി ഓർ ആയിരിക്കുമത്. അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനാൽ ഇനിയൊരു പുരസ്‌കാരം താരം നേടാനുള്ള സാധ്യതയുമില്ല.

Ballon Dor Power Rankings Update