മെസിയുടെ വരവിനും ആത്മവിശ്വാസമുണ്ടാക്കാനായില്ല, തോൽവിയോടെ ഇന്റർ മിയാമി അവസാനസ്ഥാനത്ത് | Messi

ലയണൽ മെസിയെന്ന ഇതിഹാസതാരം ചേക്കേറുകയാണെന്ന് അറിയിച്ചിട്ടും ആത്മവിശ്വാസം നേടാൻ കഴിയാതെ വീണ്ടും തോൽവി വഴങ്ങി ഇന്റർ മിയാമി. മേജർ ലീഗ് സോക്കറിൽ തുടർച്ചയായ ആറാമത്തെ മത്സരത്തിലാണ് ഇന്റർ മിയാമി തോൽവി വഴങ്ങുന്നത്. ഇതോടെ അമേരിക്കൻ ലീഗിലെ ഈസ്റ്റേൺ കോൺഫറൻസിൽ ഇന്റർ മിയാമി അവസാനസ്ഥാനത്തേക്ക് വീണിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് ടീമിനോടാണ് ഇന്റർ മിയാമി തോൽവി വഴങ്ങിയത്. കാൾസ് ഗിൽ, മാറ്റ് പോൾസ്റ്റർ, ബോബി വുഡ് എന്നിവർ ന്യൂ ഇംഗ്ലണ്ടിനായി ഇരുപകുതികളിലുമായി ഗോളുകൾ നേടിയപ്പോൾ ഇന്റർ മിയാമിയുടെ ആശ്വാസഗോൾ എൺപത്തിനാലാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ജോസെഫ് മാർട്ടിനസാണ്‌ സ്വന്തമാക്കിയത്. അടുത്ത മത്സരത്തിൽ അവർ ഫിലാഡൽഫിയ യൂണിയനെ നേരിടും.

ഖത്തർ ലോകകപ്പിൽ അതിഗംഭീര പ്രകടനം നടത്തിയ ലയണൽ മെസിക്ക് ഇനിയും ഒരുപാട് നാളുകൾ മികച്ച ഫോമിൽ കളിക്കാൻ കഴിയുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ താരം യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറിയത് ഏവരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. ഇത്രയും മോശം ഫോമിൽ കളിക്കുന്ന ടീമിലാണ് മെസിയുള്ളതെന്നത് ആരാധകർക്ക് കൂടുതൽ നിരാശ നൽകുന്നു.

റിപ്പോർട്ടുകൾ പ്രകാരം ജൂലൈ ഇരുപത്തിയൊന്നിനാണ് ലയണൽ മെസി ഇന്റർ മിയാമിക്കായി ആദ്യത്തെ മത്സരം കളിക്കുക. അതിനിടയിൽ ലീഗിൽ അഞ്ചു മത്സരങ്ങൾ ഇന്റർ മിയാമി കളിക്കുന്നുണ്ട്. ടീമിന്റെ നിലവിലെ ഫോം ഇതുപോലെ തുടരുകയാണെങ്കിൽ ലയണൽ മെസി അപ്പോൾ എത്തിയാൽ പോലും ഈ സീസണിൽ വലിയൊരു മുന്നേറ്റമുണ്ടാക്കുമെന്ന് കരുതാൻ കഴിയില്ല.

ലയണൽ മെസിയെ സംബന്ധിച്ച് കരിയറിലെ ഒരു വലിയ വീഴ്‌ചയാണ്‌ ഇന്റർ മിയാമി ട്രാൻസ്‌ഫറിലൂടെ സംഭവിച്ചിരിക്കുന്നത്. ആരാധകരെല്ലാം ഇത് ചൂണ്ടിക്കാട്ടുന്നു. മോശം ഫോമിലുള്ള ഒരു ക്ലബിൽ പോയി മെസിയുടെ ഫോമും മോശമായാൽ അത് താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കുന്ന കാര്യമായിരിക്കും എന്നതിൽ സംശയമില്ല.

Inter Miami Lost First Game Since Messi Announcement