സ്‌കലോണിയുടെ ഭാവി പദ്ധതികളിൽ പ്രധാനി, അർജന്റീന യുവതാരത്തെ ലക്ഷ്യമിട്ട് റയലും മാഞ്ചസ്റ്റർ സിറ്റിയും | Claudio Echeverri

ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം ബാഴ്‌സലോണ നേരിട്ട ഒരു പ്രധാനപ്പെട്ട പ്രശ്‌നം താരത്തിന് പകരക്കാരനാവാൻ കഴിയുന്ന മറ്റൊരു കളിക്കാരൻ ടീമിലില്ല എന്നതായിരുന്നു. മെസിയെപ്പോലൊരു പ്രതിഭ ഫുട്ബോളിൽ ഉണ്ടാകാൻ പ്രയാസമാണ് എന്നതിനാൽ തന്നെ താരത്തിന് പകരക്കാരെ കണ്ടെത്തുക ഏതൊരു ടീമിനെ സംബന്ധിച്ചും പ്രയാസകരമാകും. ഭാവിയിൽ അർജന്റീന ദേശീയ ടീമും സമാനമായൊരു പ്രതിസന്ധിയെ നേരിടാൻ പോവുകയാണ്.

അർജന്റീന രണ്ടു വര്ഷങ്ങളുടെ ഇടയിൽ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയത് മെസിയെ കേന്ദ്രമാക്കി ലയണൽ സ്‌കലോണി തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായാണ്. മുപ്പത്തിയാറുകാരനായ താരത്തിന് ഇനിയും ഒരുപാട് കാലം ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നതിനാൽ തന്നെ അതിനൊത്ത ഒരു പകരക്കാരനെ തേച്ചു മിനുക്കിയെടുക്കേണ്ടത് അർജന്റീന ടീമിനെ സംബന്ധിച്ച് ആവശ്യമാണെന്നതിൽ തർക്കമില്ല.

പതിനേഴുകാരനായ ക്ലൗഡിയോ എച്ചെവരിയാണ് ലയണൽ മെസിയുടെ പിൻഗാമിയെന്ന നിലയിൽ ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ് എന്നിവർ വന്ന റിവർപ്ലേറ്റ് അക്കാദമിയിൽ നിന്ന് തന്നെയാണ് എച്ചെവരിയും വരുന്നത്. സൗത്ത് അമേരിക്കൻ അണ്ടർ 17 ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന താരം അർജന്റീന സീനിയർ ടീമിനൊപ്പം പരിശീലിപ്പിക്കാൻ അവസരം ലഭിച്ച് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

എന്തായാലും എച്ചെവരിയുടെ പ്രതിഭ യൂറോപ്പിലേക്കും എത്തിയിട്ടുണ്ട്. താരത്തിനായി യൂറോപ്പിൽ നിന്നുള്ള വമ്പൻ ക്ലബുകൾ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത ലയണൽ മെസിയെന്നു കരുതുന്ന താരങ്ങൾ ഉയർന്നു വന്നാൽ സ്വന്തമാക്കാൻ ജാഗ്രതയോടെ തുടരുന്ന റയൽ മാഡ്രിഡിനു പുറമെ മാഞ്ചസ്റ്റർ സിറ്റിയും പതിനേഴുകാരനായ താരത്തിന് വേണ്ടി രംഗത്തുണ്ട്.

റിവർപ്ലേറ്റ് താരത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിക്ക് പ്രത്യേകം താൽപര്യമുണ്ടെന്ന് അദ്ദേഹം താരത്തെ സീനിയർ ടീമിനൊപ്പം പരിശീലനത്തിന് വിളിച്ചതിൽ നിന്നും മനസിലാക്കാൻ കഴിയുന്നതാണ്. ഒരുപക്ഷെ ഭാവിയിൽ അർജന്റീന ടീമിന്റെ പദ്ധതികളിൽ പ്രധാനിയായി താരം മാറുമെന്ന് തന്നെയാണ് താരത്തിന്റെ പ്രതിഭയിലുള്ള എല്ലാവരുടെയും താൽപര്യത്തിൽ നിന്നും അറിയാനാവുന്നത്.

Content Highlights: Claudio Echeverri Next Big Player From Argentina