“എംബാപ്പെ എനിക്കു നേരെ വന്നാൽ ആംബുലൻസിൽ കൊണ്ടു പോകേണ്ടി വരും”- വെളിപ്പെടുത്തലുമായി അർജന്റീന താരം | Kylian Mbappe

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയെ വിറപ്പിച്ച താരമായിരുന്നു കിലിയൻ എംബാപ്പെ. അർജന്റീന ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ അവർ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും രണ്ടു ഗോളുകൾ തിരിച്ചടിച്ച എംബാപ്പെ ഫ്രാൻസിന് പ്രതീക്ഷ നൽകി. അതിനു ശേഷം എക്‌സ്ട്രാ ടൈമിലും അർജന്റീന ലീഡ് എടുത്തെങ്കിലും ഹാട്രിക്ക് നേട്ടത്തോടെ എംബാപ്പെ മത്സരം ഷൂട്ടൗട്ടിൽ എത്തിക്കുകയും പരാജയം വഴങ്ങുകയും ചെയ്യുകയായിരുന്നു.

അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം ഹാട്രിക്ക് പ്രകടനത്തോടെ ഇല്ലാതാക്കിയ കിലിയൻ എംബാപ്പയോട് അർജന്റീന ആരാധകർക്ക് ദേഷ്യമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പിഎസ്‌ജിയിൽ മെസിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാത്തതിനാൽ താരത്തിന് തിളങ്ങാൻ കഴിയാത്തത് എംബാപ്പെ കാരണമാണെന്ന് കരുതുന്നതും ഈ വിധ്വേഷത്തിനു കാരണമാണ്. കഴിഞ്ഞ ദിവസം അതിന്റെ കൂടുതൽ തെളിവുകൾ അർജന്റീന താരം തന്നെ തന്നിരുന്നു.

ഫ്രഞ്ച് ലീഗിൽ ലെൻസിനു വേണ്ടി കളിക്കുന്ന അർജന്റീന താരമായ ഫാക്കുണ്ടോ മെദിനയാണ് എംബാപ്പയോടുള്ള തന്റെ രോഷം തമാശരൂപത്തിൽ പ്രകടിപ്പിച്ചത്. ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്കെതിരെ കളിക്കുമ്പോൾ ലയണൽ മെസിയാണ് തന്നെ മറികടന്നു പോകുന്നതെങ്കിൽ ഷർട്ടിൽ പിടിച്ച് വലിക്കുകയാവും താൻ ചെയ്യുകയ്യെന്നും എന്നാൽ അതുപോലെ എംബാപ്പയാണ് തന്നെ മറികടന്ന് പോകുന്നതെങ്കിൽ താരത്തെ ആംബുലൻസിൽ കൊണ്ടു പോകേണ്ടി വരുമെന്നുമാണ് മെദിന പറഞ്ഞത്.

ഇരുപത്തിമൂന്നുകാരനായ മെദിന റിവർപ്ലേറ്റ്, ടെല്ലറസ് എന്നിവയുടെ യൂത്ത് അക്കാദമികളിലൂടെ വന്ന താരമാണ്. ടെല്ലറസിനായി സീനിയർ ടീമിൽ കളിച്ചതിനു ശേഷം താരം ലെൻസിലേക്ക് ചേക്കേറുകയായിരുന്നു, ഇരുപത്തിമൂന്ന് വയസുള്ള താരം എഴുപത്തിയേഴു മത്സരങ്ങൾ ഫ്രഞ്ച് ക്ലബിനായി കളിച്ച് നാല് ഗോളുകൾ നേടിയിട്ടുണ്ട്. സെൻട്രൽ ഡിഫെൻസിലും വിങ് ബാക്കായും കളിക്കാൻ കഴിയുന്ന താരം മികച്ച പ്രകടനമാണ് ടീമിനായി നടത്തുന്നത്.

അർജന്റീനയുടെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി ഇറങ്ങിയിട്ടുള്ള മെദിന പക്ഷെ സീനിയർ ടീമിനായി രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. ലോകകപ്പിനുള്ള അർജന്റീന ടീമിലും താരം ഇടം നേടിയിരുന്നില്ല. ഇരുപത്തിമൂന്നു വയസ് മാത്രമുള്ള താരത്തിനു ഇനിയും വളർന്നു വരാൻ സമയമുള്ളതിനാൽ കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

Content Highlights: Facundo Medina About Kylian Mbappe