പിഎസ്‌ജി കരാറിലെ അസാധാരണ ഉടമ്പടി, ഫ്രീ ട്രാൻസ്‌ഫറിൽ റയലിന് എംബാപ്പയെ സ്വന്തമാക്കാം

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പയും റയൽ മാഡ്രിഡും തമ്മിലുള്ള അന്തർധാര എല്ലാവർക്കും അറിയുന്നതാണ്. പിഎസ്‌ജിയിൽ മിന്നുന്ന പ്രകടനം നടത്തുന്ന സമയത്തു തന്നെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല താരമാണ് എംബാപ്പെ. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരം ഫ്രീ ഏജന്റായി റയലിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം പിഎസ്‌ജിയുമായി കരാർ പുതുക്കുകയാണ് എംബാപ്പെ ചെയ്‌തത്.

എംബാപ്പെ തങ്ങളെ തഴഞ്ഞത് റയൽ മാഡ്രിഡിന് അതൃപ്‌തിയുണ്ടാക്കിയ കാര്യമാണ്. ക്ലബിന്റെ ആരാധകർ താരത്തിനെതിരെ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കുകയും ചെയ്‌തു. എന്നാൽ അതുകൊണ്ടൊന്നും ഭാവിയിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാഹചര്യം ഇല്ലാതാവുന്നില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എംബാപ്പെ പിഎസ്‌ജിയിൽ ഒപ്പിട്ട കരാറിലുള്ള ഉടമ്പടി താരത്തെ റയലിലേക്ക് ചേക്കേറാൻ സഹായിക്കുന്നതാണ്.

ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി കരാറിൽ എംബാപ്പെ എഴുതിച്ചേർത്ത ഉടമ്പടി പ്രകാരം തന്റെ കരാർ സ്വയം റദ്ദാക്കാൻ എംബാപ്പെക്ക് അവസരമുണ്ട്. എന്നാൽ ഫ്രഞ്ച് കരാർ അവസാനിക്കുന്നതിന്റെ ഒരു വർഷം മുൻപ് മാത്രമേ അത് റദ്ദാക്കാൻ കഴിയുകയുള്ളൂ. ഇത് പ്രകാരം 2025 വരെ പിഎസ്‌ജി കരാറുള്ള എംബാപ്പെക്ക് വേണമെങ്കിൽ 2024ൽ അത് റദ്ദാക്കി ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കഴിയും.

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിയെങ്കിലും ഈ സീസണിൽ അത്ര മികച്ച ഫോമിലല്ല റയൽ മാഡ്രിഡ് കളിച്ചു കൊണ്ടിരിക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു താരത്തെ പോലും സ്വന്തമാക്കാത്ത അവർ സമ്മറിൽ നിരവധി സൈനിംഗുകൾ നടത്താൻ സാധ്യതയുണ്ട്. വരുന്ന സമ്മറിൽ ഒരു മികച്ച മുന്നേറ്റനിര താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയില്ലെങ്കിൽ അത് 2024ൽ എംബാപ്പയെ ടീമിലെത്തിക്കുക എന്ന ലക്ഷ്യമിട്ടു തന്നെയാകാനാണ് സാധ്യത.