
വെടിയുണ്ട പോലൊരു ഫ്രീകിക്ക് ഗോൾ, തോൽവി തുറിച്ചു നോക്കിയിരുന്ന ടീമിനെ ഗംഭീര തിരിച്ചുവരവിലേക്ക് നയിച്ച് റൊണാൾഡോ
യൂറോപ്യൻ ഫുട്ബോളിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും ആദ്യത്തെ ഗോൾ നേടിയതിനു ശേഷം പിന്നീട് ഗോളുകൾ അടിച്ചു കൂട്ടുകയായിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ വീണ്ടും ഗോൾക്ഷാമം താരം അനുഭവിക്കേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ തകർപ്പനൊരു ഫ്രീ കിക്ക് ഗോൾ നേടി വീണ്ടും തന്റെ ഗോൾവേട്ട റൊണാൾഡോ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഭക്കെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ തിരിച്ചു വരവിനു തുടക്കമിട്ട ഗോൾ നേടുന്നത്. മത്സരത്തിൽ ഇരുപത്തിയാറാം മിനുട്ടിൽ ആദം മൊഹമ്മദ് നേടിയ ഗോളിൽ അഭ എഴുപത്തിയെട്ടാം മിനുട്ട് വരെയും മുന്നിലായിരുന്നു. സ്വന്തം മൈതാനത്ത് അൽ നസ്ർ തോൽവി വഴങ്ങുമെന്ന് ഏവരും ആശങ്കപ്പെട്ടിരുന്ന സമയത്താണ് നിർണായകമായ ഗോൾ റൊണാൾഡോ മുപ്പത്തിയഞ്ചു വാര അകലെ നിന്നുമെടുത്ത ഫ്രീ കിക്കിൽ ഗോൾകീപ്പറെ കീഴടക്കി നേടുന്നത്.
— GiveMeSport (@GiveMeSport) March 18, 2023
Cristiano Ronaldo scores a 35-yard free kick for Al Nassr!
Rolling back the years!
: @SPL pic.twitter.com/U2cBCXjN61
മത്സരത്തിൽ ടീമിന്റെ രണ്ടാമത്തെ ഗോൾ എൺപത്തിയഞ്ചാം മിനുട്ടിലാണ് പിറക്കുന്നത്. അൽ നസ്റിന് ലഭിച്ച പെനാൽറ്റിയെടുത്ത ബ്രസീലിയൻ താരം ടാലിസ്ക ഗോൾകീപ്പറെ കീഴടക്കി. അതിനു ശേഷം തിരിച്ചു വരാനുള്ള ശ്രമങ്ങൾ അഭ നടത്തിയെങ്കിലും വിജയം അൽ നസ്റിനൊപ്പം നിന്നു. റൊണാൾഡോയുടെ ഫ്രീ കിക്ക് ഗോൾ തന്നെയാണ് അതിനു ഊർജ്ജം പകർന്നതെന്ന കാര്യത്തിൽ സംശയമില്ല. വിജയത്തോടെ സൗദി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അൽ നസ്ർ.
സൗദി ലീഗിൽ ജനുവരിയിൽ എത്തിയ റൊണാൾഡോക്ക് ഇപ്പോൾ തന്നെ ഒൻപതു ഗോളുകൾ സ്വന്തമായുണ്ട്. പതിനഞ്ചു ഗോളുകൾ നേടിയ അൽ ഇത്തിഹാദ് താരം ഹംദല്ല ഒന്നാ സ്ഥാനത്ത് നിൽക്കുമ്പോൾ ടാലിസ്ക പതിനാലു ഗോളുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. കാർലോസ് ജൂനിയർ, ഇഗോളോ എന്നിവർ പന്ത്രണ്ടു ഗോളോടെ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പട്ടികയിൽ പത്ത് ഗോൾ നേടിയ അൽ ബുറൈകാനിനു പിന്നിൽ അഞ്ചാം സ്ഥാനത്താണ് റൊണാൾഡോ.