“ഒന്നര വർഷം ബെഞ്ചിലിരുന്നു, ഫുട്ബോൾ തന്നെ ഉപേക്ഷിക്കാൻ ആലോചിച്ചു”- അർജന്റീനയുടെ ലോകകപ്പ് ഹീറോ പറയുന്നു

ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ പ്രതിരോധത്തിലെ കരുത്തുറ്റ സാന്നിധ്യമായ താരമായിരുന്നു ക്രിസ്റ്റ്യൻ റൊമേരോ. താരത്തിന്റെ സാന്നിധ്യമാണ് അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നതെന്ന അഭിപ്രായം ലയണൽ മെസി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ വളരെ ദുർബലമായിരുന്ന അർജന്റീന പ്രതിരോധം ഇപ്പോൾ വളരെ ശക്തമാണെന്നത് അതിനൊരു ഉദാഹരണമാണ്. 24 വയസു മാത്രമുള്ള താരത്തിന് ഇനിയും ഒരുപാട് കാലം ടീമിൽ തുടരാനും കഴിയും.

നിലവിൽ ടോട്ടനത്തിൽ കളിക്കുന്ന റൊമേരോ തന്റെ കരിയറിൽ ഒരു മോശം സമയത്തിലൂടെ കടന്നു പോയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അർജന്റീനിയൻ ക്ലബായ ബൽഗ്രേനയിൽ കളിക്കുന്ന സമയത്ത് അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഫുട്ബോൾ തന്നെ ഉപേക്ഷിച്ചാലോയെന്നു ചിന്തിച്ചു എന്നാണു റോമെറോ പറയുന്നത്. പതിനെട്ടു മാസമാണ് കളിക്കാൻ അവസരമില്ലാതെ ബെഞ്ചിലിരുന്നതെന്നും താരം വെളിപ്പെടുത്തി.

“ഏതാനും മത്സരങ്ങളിൽ ഞാൻ നന്നായി കളിച്ചില്ല, അതോടെ മാനേജ്‌മെന്റ് എന്നെപ്പറ്റി വളരെ കടുപ്പമേറിയ പലതും പറയാൻ തുടങ്ങി. അതൊരു ബുദ്ധിമുട്ടേറിയ സമയമായിരുന്നു. ചെറുപ്പമായിരുന്ന ഞാൻ സീനിയർ തലത്തിൽ ആദ്യമായി കളിക്കുന്ന സമയമായിരുന്നു അത്. അതിനു ശേഷം ഞാൻ ഒന്നര വർഷത്തോളം ബെഞ്ചിലിരുന്നും റിസർവ് ടീമിനൊപ്പം കളിച്ചും നടന്നു, തീർത്തും ഒറ്റപ്പെട്ട സമയമായിരുന്നു അതെല്ലാം.”

“ഇനി ട്രെയിൻ ചെയ്യേണ്ടെന്നും ഫുട്ബാളിൽ തുടരേണ്ടെന്നും അച്ഛന്റെ കൂടെ ജോലിക്ക് പോകാമെന്നും ഞാൻ കരുതി. അവരെന്റെ കരിയറിനു തടസം നിൽക്കുന്നതു കൊണ്ടായിരുന്നു അതെല്ലാം. ഒന്നോ രണ്ടോ ദിവസം ഞാൻ പരിശീലനം നടത്തിയില്ല, എനിക്കതിനു തോന്നിയില്ല. അതിനു ശേഷം ടീമിന്റെ സ്പോർട്ടിങ് ഡയറക്റ്റർ വന്ന് എനിക്ക് ക്ലബ് വിടാമെന്ന് അറിയിച്ചു.” സ്കൈ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ റൊമേരോ പറഞ്ഞു.

അർജന്റീനയിൽ നിന്നും റൊമേരോ ഇറ്റാലിയൻ ക്ലബായ ജെനോവയിലേക്കാണ് ചേക്കേറിയത്. അവിടെ നിന്നും യുവന്റസിലെത്തിയ താരം അറ്റലാന്റക്ക് വേണ്ടി ലോണിൽ കളിച്ച സീസണിലാണ് തിളങ്ങുന്നത്. സീരി എയിലെ മികച്ച പ്രതിരോധ താരമായി തിരഞ്ഞെടുക്കപ്പെട്ട റൊമേരോയെ അറ്റലാന്റ സ്വന്തമാക്കുകയും അവിടെ നിന്നും താരം ടോട്ടനത്തിൽ എത്തുകയും ചെയ്‌തു. കഴിഞ്ഞ ഒന്നര വർഷത്തിൽ അർജന്റീന സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളിലും റൊമേരോ പങ്കാളിയാവുകയും ചെയ്‌തു.