മെസിയും നെയ്‌മറും എന്തു കൊണ്ട് നിശബ്‌ദരായി, കാരണം വെളിപ്പെടുത്തി പിഎസ്‌ജി പരിശീലകൻ

ഖത്തർ ലോകകപ്പിന് ശേഷം മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങിയ മത്സരമായിരുന്നു ഇന്നലെ റെന്നസിനെതിരെ നടന്നത്. മെസിയും നെയ്‌മറും ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ എംബാപ്പെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇറങ്ങിയത്. എന്നാൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ ഒരുമിച്ചിറങ്ങിയിട്ടും മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്‌ജി തോൽവി വഴങ്ങിയത്.

മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ മെസിയും നെയ്‌മറും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. റെന്നെസ് പരിശീലകന്റെ 5-4-1 എന്ന ശൈലിയിൽ രണ്ടു താരങ്ങളും തങ്ങളുടെ ശൈലിയിൽ കളിക്കാൻ ബുദ്ധിമുട്ടി. ആകെ രണ്ടു വീതം ഷോട്ടുകൾ ഉതിർത്ത ഈ താരങ്ങൾ രണ്ട് അവസരങ്ങൾ മാത്രമാണ് സൃഷ്‌ടിച്ചത്. ഒരൊറ്റ ഡ്രിബിൾ മാത്രമേ ഇവർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളുവെന്നത് റെന്നസിന്റെ പ്രതിരോധം ഇവരെ തടുത്തു നിർത്തുന്നതിൽ വിജയിച്ചുവെന്നതിന്റെ തെളിവാണ്.

മത്സരത്തിൽ നെയ്‌മറും മെസിയും മോശം പ്രകടനം നടത്തിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ റെന്നസിന്റെ ലോ ബ്ലോക്ക് ഡിഫെൻസിനെ കുറിച്ച് തന്നെയാണ് പിഎസ്‌ജി പരിശീലകനും പറഞ്ഞത്. രണ്ടു താരങ്ങളും അതിനെ മറികടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയെന്നും അതിനൊരു പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പദ്ധതികൾ പൂർണമായും മാറ്റാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിൽ എട്ടു ഷോട്ടുകൾ മാത്രമുതിർത്ത പിഎസ്‌ജിക്ക് അതിൽ ഒന്നു മാത്രമാണ് ഓൺ ടാർഗെറ്റാക്കി മാറ്റാൻ കഴിഞ്ഞത്. ഈ മാസം പിഎസ്‌ജി വഴങ്ങുന്ന രണ്ടാമത്തെ തോൽവിയാണു റെന്നെസിനെതിരെയുള്ളത്. ലോകകപ്പിനു മുൻപ് ഒരു തോൽവി പോലും വഴങ്ങാത്ത പിഎസ്‌ജിയാണ് ഇപ്പോൾ ആശങ്ക നൽകുന്ന പ്രകടനം നടത്തുന്നത്. ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ ഈ സീസണും പിഎസ്‌ജിക്ക് തിരിച്ചടിയാകും ഫലം.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പിഎസ്‌ജി തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. 19 മത്സരങ്ങളിൽ നിന്നും 47 പോയിന്റാണ് പിഎസ്‌ജി നേടിയത്. രണ്ടാം സ്ഥാനത്തുള്ള ലെൻസിന് അത്രയും മത്സരങ്ങളിൽ നിന്നും 44 പോയിന്റുണ്ട്. ലീഗ് കിരീടം നേടാൻ പിഎസ്‌ജി കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരുമെന്ന് ഇതു വ്യക്തമാക്കുന്നു.