“റൊണാൾഡോക്ക് വയസായി, ഇരുപത്തിയഞ്ചല്ല പ്രായം”- പോർച്ചുഗൽ താരത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തി ക്ലബിൽ നിന്നും കരാർ റദ്ദ് ചെയ്‌തു പുറത്തു പോയതിനു ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ വിമർശനവുമായി ഇതിഹാസതാരം എറിക് കന്റോണ. തന്റെ പരിമിതികൾ അംഗീകരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാറാകുന്നില്ലെന്നും അതാണ് താരത്തിന്റെ കുഴപ്പമെന്നും കന്റോണ പറയുന്നു. പ്രായമായെന്ന് റൊണാൾഡോ സ്വയം മനസിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ സീസണിൽ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് അവസരങ്ങൾ കുറവാണ് നൽകിയത്. ഇതിനെതിരെ താരം പലപ്പോഴും പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിയേഴ്‌സ് മോർഗാനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിനെതിരെ റൊണാൾഡോ വിമർശനം ഉന്നയിക്കുന്നതും ക്ലബ് താരത്തിനെതിരെ അന്വേഷണം നടത്തിയതിനു ശേഷം കരാർ റദ്ദ് ചെയ്യുന്നതും.

“രണ്ടു തരത്തിലുള്ള വെറ്ററൻ താരങ്ങളുണ്ട്. ചിലർ തങ്ങൾക്കിപ്പോഴും ഇരുപത്തിയഞ്ചു വയസാണെന്ന് കരുതി എല്ലാ മത്സരങ്ങളും കളിക്കണമെന്ന് ആവശ്യപ്പെടും. അങ്ങിനെ ചിന്തിക്കാത്തവർ യുവതാരങ്ങളെ സഹായിച്ച് ടീമിനൊപ്പം നിൽക്കും. തനിക്ക് 25 വയസ്സല്ല പ്രായമെന്ന് റൊണാൾഡോ ഇതുവരെയും മനസിലാക്കിയിട്ടില്ല. താരത്തിന് വയസായി, എല്ലാ മത്സരങ്ങളിലും കളിപ്പിക്കാത്തതിൽ അസന്തുഷ്‌ടി പ്രകടിപ്പിച്ച് തുടരുന്നതിനു പകരം സാഹചര്യം മനസിലാക്കുകയാണ് റൊണാൾഡോ ചെയ്യേണ്ടത്.” എറിക് കന്റോണ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഈ സീസണിൽ വളരെ മോശം പെരുമാറ്റമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയതെന്ന് ആരാധകർ വരെ പറയുന്ന കാര്യമാണ്. മത്സരത്തിൽ വൈകി ഇറക്കാൻ തുനിഞ്ഞതിനു കളി തീരും മുൻപേ മൈതാനം വിട്ടതിനു റൊണാൾഡോക്കെതിരെ നടപടി ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇറങ്ങുന്ന സമയത്ത് മികച്ച പ്രകടനം നടത്താനും റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. ലോകകപ്പിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു.

അതേസമയം റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ പ്രകടനമാണ് നടത്തുന്നതെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ലോകകപ്പിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടത്തിനു വെല്ലുവിളി ഉയർത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.