കെബാബ് ആക്ഷേപങ്ങളോട് ഗോളടിച്ച് പ്രതികരിച്ച് റൊണാൾഡോ, അൽ നസ്ർ വീണ്ടും വിജയവഴിയിൽ | Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് കഴിഞ്ഞ ഏതാനും മത്സരങ്ങൾ അത്ര മികച്ചതായിരുന്നില്ല. രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ ടീം ഒരു മത്സരത്തിൽ സമനിലയും വഴങ്ങി. നിർണായകമായ സമയത്തെ ഈ ഫലങ്ങൾ കാരണം സൗദി കിങ്സ് കപ്പിൽ നിന്നും പുറത്തായ ടീമിന് സൗദി ലീഗിലും കിരീടപ്രതീക്ഷ നഷ്ടമായിട്ടുണ്ട്. ലീഗിൽ അഞ്ചു മത്സരം ബാക്കി നിൽക്കെ ഒരു കളി കുറവ് കളിച്ച അൽ ഇത്തിഹാദുമായി മൂന്നു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് ടീം.
അൽ നസ്റിന്റെ മോശം ഫോമിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിയാക്കി ആരാധകർ രംഗത്തു വരികയും ചെയ്തിരുന്നു. അൽ നസ്ർ ചെയർമാന്റെതെന്ന പേരിൽ പുറത്തു വന്ന ക്വോട്ട് വളരെയധികം പടർന്നു പിടിച്ച ഒന്നായിരുന്നു. “താൻ ജീവിതത്തിൽ രണ്ടു തവണ മാത്രമേ പറ്റിക്കപ്പെട്ടിട്ടുള്ളൂ. ഒരിക്കൽ ഞാൻ മൂന്നു കെബാബ് ഓർഡർ ചെയ്തപ്പോൾ കിട്ടിയത് രണ്ടെണ്ണം മാത്രമാണ്, പിന്നെ റൊണാൾഡോയുടെ കാര്യത്തിലും” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കായി പ്രചരിക്കപ്പെട്ടത്.
GOAL | Al-Nassr 1-0 Al-Raed | Cristiano Ronaldopic.twitter.com/0hHchOxlLW
— VAR Tático (@vartatico) April 28, 2023
എന്തായാലും തനിക്കെതിരായ വിമർശനങ്ങൾക്ക് ഒരിക്കൽക്കൂടി റൊണാൾഡോ കളിക്കളത്തിൽ മറുപടി നൽകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. അൽ റയീദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ നസ്ർ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ അതിൽ ആദ്യത്തെ ഗോൾ നേടിയത് റൊണാൾഡോ ആയിരുന്നു. സുൽത്താൻ അൽ ഖന്നതിന്റെ ക്രോസിൽ നിന്നും ഒരു ക്ലോസ് റേഞ്ച് ഹെഡറിലൂടെയാണ് റൊണാൾഡോ ഗോൾ കുറിച്ചത്.
ലീഗ് പകുതിയായപ്പോഴാണ് എത്തിയതെങ്കിലും ഇപ്പോൾ തന്നെ പന്ത്രണ്ടു ഗോളുകൾ സ്വന്തമാക്കാൻ കഴിഞ്ഞ റൊണാൾഡോക്ക് പുറമെ അബ്ദുൾറഹ്മാൻ ഗരീബ്, മുഹമ്മദ് മറാൻ, അബ്ദുൽമജീദ് അൽ സുലൈഹീം എന്നിവരാണ് അൽ നസ്റിനായി ഗോളുകൾ നേടിയത്. മൂന്നു മത്സരങ്ങളിൽ തുടർച്ചയായി വിജയമില്ലാതെ വന്നതിനു ശേഷമുള്ള ഈ വിജയം കിരീടത്തിനുള്ള പോരാട്ടത്തിൽ നിലനിൽക്കാമെന്ന പ്രതീക്ഷ അൽ നസ്റിന് നൽകിയിട്ടുണ്ട്.
മത്സരത്തിൽ വിജയം നേടിയ അൽ നസ്ർ ഇരുപത്തിയഞ്ചു മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇരുപത്തിനാല് മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന അൽ ഇത്തിഹാദ് രണ്ടു മത്സരമെങ്കിലും തോറ്റാൽ അൽ നസ്റിന് കിരീടപ്രതീക്ഷയുണ്ട്. എന്നാൽ കിരീടം നേടിയില്ലെങ്കിൽ റൊണാൾഡോ കരിയറിൽ ആദ്യമായി രണ്ടു സീസണുകളിൽ കിരീടമില്ലാതെ പൂർത്തിയാക്കിയെന്ന നാണക്കേട് സ്വന്തമാക്കും.
Cristiano Ronaldo Scored A Goal In Al Nassr Win