മെസിയെ തിരിച്ചെത്തിക്കാനുള്ള ദൗത്യം ചില താരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്, ബാഴ്‌സലോണ സ്‌ട്രൈക്കർ വെളിപ്പെടുത്തുന്നു | Lionel Messi

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് വാർത്തകൾ ഫുട്ബോൾ ലോകത്ത് നിന്നും നിരന്തരം പുറത്തു വരുന്ന സമയമാണിപ്പോൾ. ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയമായതിനാൽ മാത്രമാണ് മെസിയെ തിരിച്ചെത്തിക്കുകയെന്ന ദൗത്യം ഇഴഞ്ഞു നീങ്ങുന്നത്. സാമ്പത്തികമായ പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ മെസിയെ തിരിച്ചു കൊണ്ടുവരാനാകൂ എന്നു ലാ ലിഗ നേതൃത്വവും വ്യക്തമാക്കി കഴിഞ്ഞു.

എന്തായാലും ലയണൽ മെസിക്കായി ബാഴ്‌സലോണ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ മുന്നേറ്റനിര താരമായ ഫെറൻ ടോറസ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരുന്നു. ലയണൽ മെസിക്കായി ബാഴ്‌സലോണ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ടീമിലെ ചില താരങ്ങൾ മെസിയെ തിരിച്ചെത്തിക്കാൻ വേണ്ടി താരത്തോട് നിരന്തരം സംസാരിക്കുന്നുണ്ടെന്നുമാണ് ഫെറൻ ടോറസ് പറഞ്ഞത്.

“ചില അഭ്യൂഹങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ലയണൽ മെസി ബാഴ്‌സലോണക്ക് നൽകിയ കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഒരു ഫെയർവെൽ മത്സരം താരത്തിന് നൽകേണ്ടത് ആവശ്യമാണ്, അത് നന്നായിരിക്കും. ജോർദി ആൽബയും സെർജിയോ ബുസ്‌ക്വറ്റ്‌സും അവരുടെ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ട്. അതാണ് നിങ്ങൾക്ക് എന്നിൽ നിന്നും ലഭിക്കേണ്ടതെങ്കിൽ അത് ശരി തന്നെയാണ്.” ഫെറൻ ടോറസ് മുണ്ടോ ഡീപോർറ്റീവോയോട് പറഞ്ഞു.

ഈ സീസണോടെ ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കുന്നതു കൊണ്ടാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അതേസമയം പിഎസ്‌ജിയിൽ മികച്ച പ്രകടനം നടത്തുന്ന താരത്തെ നിലനിർത്താൻ അവർക്ക് വളരെയധികം താൽപര്യമുണ്ട്. എന്നാൽ ലോകകപ്പ് വിജയത്തിന് ശേഷം ഫ്രാൻസിലെ ആരാധകർ എതിരായതോടെ മെസിക്ക് ക്ലബിൽ തുടരാൻ താൽപര്യം കുറഞ്ഞു. എന്നാൽ ബാഴ്‌സക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മെസി ഫ്രാൻസിൽ തന്നെ തുടർന്നേക്കും.

Ferran Torres Confirms Senior Stars Trying To Convince Lionel Messi To Return