മെസിയും എംബാപ്പയുമല്ല പ്രശ്‌നം, പിഎസ്‌ജിയുടെ യഥാർത്ഥ പ്രതിസന്ധി ചൂണ്ടിക്കാട്ടി പരിശീലകൻ | PSG

വമ്പൻ താരങ്ങൾ ഒരുപാടുണ്ടായിട്ടും ഈ സീസണിൽ ആകെ ഒരു കിരീടത്തിനായുള്ള പോരാട്ടത്തിൽ മാത്രമാണ് പിഎസ്‌ജിയുള്ളത്. ലീഗ് കിരീടം മാത്രമേ ഈ സീസണിൽ പിഎസ്‌ജിക്ക് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. നിലവിൽ ലീഗിൽ മുപ്പത്തിരണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ എഴുപത്തിയഞ്ച് പോയിന്റുമായി പിഎസ്‌ജി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ മാഴ്‌സ അറുപത്തിയേഴ്‌ പോയിന്റുമായി രണ്ടാം സ്ഥാനത്തും ലെൻസ് അറുപത്തിയാറു പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

സീസണിൽ പിഎസ്‌ജിയുടെ മോശം പ്രകടനത്തിന് കാരണം മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങൾ തമ്മിലുള്ള ഒത്തിണക്കം ഇല്ലായ്‌മയും അവരുടെ പൊസിഷനിങ്ങിൽ പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടുമാണെന്ന് നേരത്തെ തന്നെ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെ മുഴുവൻ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ കഴിഞ്ഞ ദിവസം തള്ളുകയുണ്ടായി. നിലവിൽ മുന്നേറ്റനിരയിൽ കളിക്കുന്ന താരങ്ങളായ മെസി, എംബാപ്പെ എന്നിവർ മികച്ച പ്രകടനമാണ് നടത്തുന്നതെന്നു പറഞ്ഞ അദ്ദേഹം ടീമിന്റെ യഥാർത്ഥ പ്രതിസന്ധി എന്താണെന്ന് വ്യക്തമാക്കി.

“ലയണൽ മെസിയും കിലിയൻ എംബാപ്പെയും വ്യത്യസ്‌ത രീതിയിലുള്ള താരങ്ങളാണ്, അവർക്ക് മത്സരത്തിനിടെ പന്ത് എപ്പോഴും ലഭിച്ചു കൊണ്ടേയിരിക്കണം. അവരുടെ പൊസിഷനിംഗിൽ യാതൊരു പ്രശ്‌നവുമില്ല, അവർക്ക് കൃത്യമായി പന്തെത്തിക്കാൻ കഴിയുന്ന താരങ്ങളുടെ അഭാവമാണ് ഇപ്പോഴത്തെ പ്രശ്‌നം.” ലോറിയന്റുമായുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പിഎസ്‌ജി പരിശീലകൻ വ്യക്തമാക്കി.

പിഎസ്‌ജി പരിശീലകന്റെ അഭിപ്രായം വളരെ ശരിയായ ഒന്നാണെന്ന് ടീമിന്റെ മത്സരം കാണുന്ന ഏതൊരാൾക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. മധ്യനിരയിൽ നിന്നും വേണ്ടത്ര പിന്തുണ മുന്നേറ്റനിരയിൽ നിന്നും ലഭിക്കാത്തതു കൊണ്ട് മെസി വളരെ ഡീപ്പിലേക്ക് ഇറങ്ങി കളിക്കേണ്ടി വരാറുണ്ട്. പിഎസ്‌ജിയുടെ ഗോളിനുള്ള അവസരങ്ങൾ കൂടുതൽ സൃഷ്‌ടിക്കാറുള്ളതും അർജന്റീന താരം തന്നെയാണ്. അടുത്ത സീസണിൽ ടീമിൽ മാറ്റങ്ങൾ വന്നാലേ പിഎസ്‌ജിക്ക് മികച്ച പ്രകടനം നടത്താനാകൂ.

PSG Coach Discussed About Messi, Mbappe Positioning Problems