കൂടുതൽ മികച്ച കരാർ നൽകാമെന്ന് മെസിക്ക് വാഗ്‌ദാനം, പണമല്ല തന്റെ പ്രശ്‌നമെന്ന് താരം | Lionel Messi

ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വങ്ങൾ വന്നു കൊണ്ടിരിക്കുന്ന സമയമാണ്. പുതിയ കരാർ പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തെങ്കിലും അതിലൊപ്പിടാൻ മെസി തയ്യാറായിട്ടില്ല. തന്റെ മുൻ ക്ലബായ ബാഴ്‌സയിലേക്ക് തിരിച്ചു പോകാമെന്ന പ്രതീക്ഷയോടെ ലയണൽ മെസി കാത്തിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരാനുള്ള സജീവമായ ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുകയും ചെയ്യുന്നു.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു പദ്ധതി ഏതാനും ദിവസങ്ങൾക്കു മുൻപ് ബാഴ്‌സലോണ ലാ ലിഗ നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഇതിനു അനുമതി ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണവർ. ലാ ലീഗ അനുമതി നൽകിയില്ലെങ്കിൽ സമർപ്പിക്കാൻ മറ്റൊരു പദ്ധതി കൂടി അവർ തയ്യാറാക്കി വെച്ചിട്ടുണ്ട്. അതിനെന്തായാലും അനുമതി ലഭിക്കുമെന്നാണ് ക്ലബ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

ലാ ലീഗയുടെ അനുമതി ലഭിക്കുന്നതിന്റെ പിന്നാലെ തന്നെ ലയണൽ മെസിക്കുള്ള ഓഫർ ഔദ്യോഗികമായി ബാഴ്‌സലോണ നൽകും. ബാഴ്‌സയുടെ ഓഫർ ലഭിക്കാൻ വേണ്ടി സ്ഥിതിഗതികൾ വീക്ഷിച്ച് വളരെ ശാന്തനായാണ് താരം തുടരുന്നത്. ഓഫർ ലഭിച്ചയുടൻ മെസി അതിൽ ഒപ്പിടും. ലയണൽ മെസിയെ സംബന്ധിച്ച് തനിക്ക് എത്ര പ്രതിഫലം ലഭിക്കുമെന്നത് ഒരു വിഷയമേയല്ല. മറിച്ച് തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുക എന്നതാണ് മെസി ആഗ്രഹിക്കുന്നത്.

ഏതെങ്കിലും തരത്തിൽ ബാഴ്‌സക്ക് ലയണൽ മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മെസിക്ക് ഒപ്പിടാൻ പിഎസ്‌ജിയുടെ ഓഫർ ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ താരം ഫ്രഞ്ച് ക്ലബിനൊപ്പം തുടരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. സൗദി അറേബ്യയിൽ നിന്നും നിലവിൽ നൽകിയ ഓഫർ കൂടുതൽ മെച്ചപ്പെടുത്താമെന്ന വാഗ്‌ദാനം മെസിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ യൂറോപ്പിൽ തന്നെ തുടരാനാണ് മെസിയുടെ താൽപര്യം.

ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ ലയണൽ മെസി ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബിന് മുന്നിലുള്ള പ്രതിസന്ധികൾ അറിയാവുന്നതിനാൽ തന്നെ പ്രായോഗികമായാണ് താരം അതിനെ സമീപിക്കുന്നത്. ലാ ലിഗ ഇക്കാര്യത്തിൽ അംഗീകാരം നൽകുകയെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് സംഭവിച്ചാൽ ബാക്കിയെല്ലാം സുഗമമായി മുന്നോട്ടു നീങ്ങും.

Lionel Messi Calm About His Future And Waiting For Barcelona