സൂപ്പർലീഗ് ജേതാക്കൾ ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചാനുള്ള തയ്യാറെടുപ്പിൽ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിൽ ഒരുപാട് അഴിച്ചുപണികൾ നടക്കുന്ന സമയമാണിത്. ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ക്ലബിന് ഒരു കിരീടമെന്ന ആരാധകരുടെ സ്വപ്‌നം ഇത്തവണയും നിറവേറ്റാൻ കഴിഞ്ഞില്ല. ഒഡിഷ എഫ്‌സി സൂപ്പർകപ്പ് കിരീടം സ്വന്തമാക്കിയതോടെ ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത രണ്ടു ഐഎസ്എൽ ക്ലബുകളിൽ ഒന്നായി ബ്ലാസ്റ്റേഴ്‌സ് മാറി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്‌ മറ്റൊരു ക്ലബ്.

ഈ സീസണിലെ തിരിച്ചടികളെ മറികടക്കുകയെന്ന ലക്ഷ്യവുമായി അടുത്ത സീസണിൽ ടീമിൽ വലിയ മാറ്റങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. പല താരങ്ങൾക്കും സ്ഥാനം നഷ്‌ടമാകുമെന്ന് ഇപ്പോൾ തന്നെ ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ലീഗിലെ മറ്റു ക്ലബുകളും ആരംഭിച്ചിട്ടുണ്ട്. സൂപ്പർകപ്പ് ജേതാക്കളായ ഒഡിഷ എഫ്‌സിയും ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ യുവതാരമായ ബ്രൈസ് മിറാന്ഡയെയാണ് ഒഡിഷ എഫ്‌സി സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ഇരുപത്തിമൂന്നുകാരനായ താരം കഴിഞ്ഞ വർഷമാണ് ടീമിലെത്തിയത്. കഴിവുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ടീമിൽ സ്ഥിരമായി സ്ഥാനം പിടിക്കാൻ മിറാൻഡക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ആകെ നാല് മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്. എന്നാൽ രണ്ട് അസിസ്റ്റുകൾ ടീമിനായി സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ചർച്ചിൽ ബ്രദേഴ്‌സിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരത്തിന് 2026 വരെ ടീമുമായി കരാറുണ്ടെങ്കിലും താരം ഒഡിഷയിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്‌സിൽ അവസരങ്ങൾ കുറഞ്ഞു പോകുന്നത് തന്നെയാണ് അതിനു കാരണം. അടുത്ത സീസണിലും താരത്തിന് അവസരങ്ങൾ പരിമിതപ്പെടുമെങ്കിൽ ലോണിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് വിട്ട് കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തണമെന്നാണ് ആരാധകരുടെയും അഭിപ്രായം.

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും നിരവധി താരങ്ങൾ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിലേക്ക് ഏതെങ്കിലും താരങ്ങൾ വരുമെന്നതിനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കുന്നില്ല. നിലവിൽ മുൻ താരമായ അൽവാരോ വാസ്‌ക്വസ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുള്ള താരം. ഇത് ആരാധകരെ ആശങ്കയിലേക്ക് നയിക്കുന്നു.

Odisha FC Want Kerala Blasters Player Bryce Miranda