അപ്രതീക്ഷിത നീക്കം, സിദാൻ വീണ്ടും റയൽ മാഡ്രിഡിലേക്ക് | Real Madrid

റയൽ മാഡ്രിഡും സിദാനും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. പ്രധാന പരിശീലകനെന്ന നിലയിൽ രണ്ടര വർഷത്തോളം റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന ഫ്രഞ്ച് ഇതിഹാസം മൂന്നു ചാമ്പ്യൻസ് ലീഗുൾപ്പെടെ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയാണ് ക്ലബ് വിട്ടത്. അതിനു ശേഷം ഒരു വർഷം തികയും മുൻപേ ക്ലബ്ബിലേക്ക് തിരിച്ചു വന്ന അദ്ദേഹം ഏതാനും സീസണുകൾ കൂടി ക്ലബിനൊപ്പം തുടർന്ന് പിന്നീട് വീണ്ടും സ്ഥാനമൊഴിയുകയായിരുന്നു.

യൂറോപ്പിലെ നിരവധി ക്ലബുകൾ നോട്ടമിട്ടിരുന്നെങ്കിലും ഇതുവരെയും റയൽ മാഡ്രിഡ് അല്ലാതെ മറ്റൊരു ക്ലബ്ബിനെ സിദാൻ പരിശീലിപ്പിച്ചിട്ടില്ല. അടുത്ത സീസണിൽ സിദാൻ വീണ്ടും പരിശീലകസ്ഥാനത്തേക്ക് തിരിച്ചു വരാനിരിക്കെ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർലോ ആൻസലോട്ടിക്ക് പകരക്കാരനായാണ് സിദാനെ റയൽ മാഡ്രിഡ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

ആൻസലോട്ടിക്ക് കീഴിൽ കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡിന് ഈ സീസണിൽ ആ ഫോം ആവർത്തിക്കാൻ കഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല. ചാമ്പ്യൻസ് ലീഗിൽ സെമിയിലും കോപ്പ ഡെൽ റേയിൽ ഫൈനലിലും എത്തിയെങ്കിലും ലീഗിൽ ബാഴ്‌സലോണയെക്കാൾ ബഹുദൂരം പിന്നിലാണ് റയൽ മാഡ്രിഡ്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ പരിശീലകനെ ക്ലബ് നേതൃത്വം തേടുന്നത്.

സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സിദാനുമായി റയൽ മാഡ്രിഡ് നേതൃത്വം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സാധ്യമായ രണ്ടു കിരീടങ്ങൾ നേടിയാൽ ആൻസലോട്ടി തുടരുമെങ്കിലും അത് സംഭവിച്ചില്ലെങ്കിൽ സിദാനാണു ടീമിന്റെ പരിശീലകനായി എത്തുക. താൻ രണ്ടു തവണ പരിശീലിപ്പിച്ച ക്ലബ്ബിലേക്ക് തിരികെ വരാൻ താൽപര്യമുള്ള സിദാൻ മറ്റു ക്ലബുകളുടെ ഓഫർ റയലിന് വേണ്ടി തഴയും എന്നുറപ്പാണ്.

അതേസമയം സിദാൻ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമെന്ന റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുക ബ്രസീൽ ആരാധകർക്കാവും. കാർലോ ആൻസലോട്ടിയെ പരിശീലകനാക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. എന്നാൽ അദ്ദേഹം അടുത്ത സീസണിലും റയലിൽ തുടർന്നാൽ അത് സാധ്യമാകില്ല. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡിൽ നിന്നും അദ്ദേഹം സ്ഥാനമൊഴിയുന്നതാണ് ബ്രസീൽ ആരാധകർ കാത്തിരിക്കുന്നത്.

Real Madrid In Advanced Talks With Zinedine Zidane