ഇല്ലാത്ത ഫൗളിന് പെനാൽറ്റി നൽകാനാവില്ലെന്ന് റഫറി, ബോക്‌സിൽ വീണുരുണ്ട് റൊണാൾഡോയുടെ പ്രതിഷേധം | Cristiano Ronaldo

ഏതാനും മത്സരങ്ങളുടെ ഇടവേളക്ക് ശേഷം ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ നേടുകയും അൽ നസ്ർ വിജയം നേടുകയും ചെയ്‌ത മത്സരമായിരുന്നു ഇന്നലെ സൗദി ലീഗിൽ നടന്നത്. അൽ റായീദിനെതിരെ നടന്ന മത്സരത്തിൽ നാലാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യത്തെ ഗോൾ കുറിച്ചതിനു ശേഷം എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് അൽ നസ്ർ സ്വന്തമാക്കിയത്. ഇതോടെ കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷകൾ ചെറിയ രീതിയിൽ സജീവമാക്കാൻ അവർക്ക് കഴിഞ്ഞു.

മത്സരത്തിൽ ഒരു ഗോൾ നേടിയതിനു പുറമെ രണ്ടു കീ പാസുകളും ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയിരുന്നു. താരം ഒരു സുവർണാവസരം നഷ്‌ടമാക്കുകയും ചെയ്‌തു. അതേസമയം മത്സരത്തിനു ശേഷം റൊണാൾഡോയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ദൃശ്യങ്ങളിലൊന്ന് താരം മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു പെനാൽറ്റി അനുവദിക്കാത്ത റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിക്കുന്നതാണ്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവം നടന്നത്. അൽ നസ്ർ താരത്തിൽ നിന്നും പന്ത് സ്വീകരിച്ചതിനു ശേഷം ബോക്‌സിലേക്ക് നീങ്ങിയ റൊണാൾഡോ വേഗത്തിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെ അൽ റായീദ് താരം ഫൗൾ ചെയ്‌തു. ആദ്യത്തെ ദൃശ്യങ്ങളിൽ അത് പെനാൽറ്റിയാകുമെന്ന് തോന്നിയിരുന്നെങ്കിലും റഫറി അത് അനുവദിക്കാതിരുന്നതോടെ റൊണാൾഡോ രോഷത്തോടെ തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

അതിനു ശേഷം വീഡിയോ റഫറി ആ ദൃശ്യങ്ങൾ പരിശോധിക്കുകയുണ്ടായി. അൽ റായീദ് താരം പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുമ്പോൾ ആദ്യത്തെ കോണ്ടാക്റ്റ് റൊണാൾഡോയുടെ കാലുകളിൽ ഇല്ലെന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ കോണ്ടാക്റ്റിൽ നിന്നും റൊണാൾഡോക്ക് ഒഴിഞ്ഞു മാറി പന്തെടുക്കാൻ കഴിയുമായിരുന്നിട്ടും താരം മനഃപൂർവം പോയി ഫൗൾ വാങ്ങി പെനാൽറ്റി നേടിയെടുക്കാൻ ശ്രമം നടത്തി എന്നതിനാലാണ് അത് അനുവദിക്കാതിരുന്നത്.

ആദ്യപകുതിയിൽ റൊണാൾഡോയുടെ ഗോളിൽ മുന്നിലെത്തിയ അൽ നസ്ർ രണ്ടാം പകുതിയിലാണ് ബാക്കി മൂന്നു ഗോളുകളും നേടിയത്. വിജയത്തോടെ 25 മത്സരങ്ങളിൽ നിന്നും 56 പോയിന്റ് നേടിയാൽ അൽ നസ്ർ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. ഒരു മത്സരം കുറവ് കളിച്ച് 59 പോയിന്റ് നേടി ഒന്നാം സ്ഥാനത്തു നിൽക്കുന്ന അൽ ഇത്തിഹാദ് രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയാൽ റൊണാൾഡോക്കും സംഘത്തിനും കിരീടപ്രതീക്ഷയുണ്ട്.

Cristiano Ronaldo Fumes To Referee After Penalty Decision