മത്സരം വിജയിക്കാനായില്ല, എതിർടീം സ്റ്റാഫിനെ തള്ളിമാറ്റി രോഷം പ്രകടിപ്പിച്ച് റൊണാൾഡോ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ വിജയവും കിരീടപ്രതീക്ഷയും വീണ്ടും കൈവിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ. കഴിഞ്ഞ ദിവസം ലീഗിൽ പോയിന്റ് ടേബിളിൽ അവസാനസ്ഥാനങ്ങളിൽ കിടന്നിരുന്ന ക്ലബായ അൽ ഖലീജുമായി നടന്ന മത്സരത്തിൽ സമനില വഴങ്ങിയതോടെയാണ് അൽ നസ്‌റിന്റെ കിരീടപ്രതീക്ഷകൾ വീണ്ടും ഇല്ലാതായത്. മത്സരത്തിൽ വിജയം നേടിയിരുന്നെങ്കിൽ നാല് മത്സരങ്ങൾ ബാക്കിയുള്ള ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അൽ നസ്റിന് മേൽ സമ്മർദ്ദം ചെലുത്താൻ അവർക്ക് കഴിഞ്ഞേനെ.

മത്സരത്തിൽ റൊണാൾഡോ മികച്ച പ്രകടനം കാഴ്‌ച വെച്ചെങ്കിലും ഗോൾ നേടാൻ താരത്തിന് സാധിച്ചില്ല. അൽ നാസറിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ ഫാബിയോ മാർട്ടിൻസിന്റെ ഗോളിലൂടെ അൽ ഖലീജ് മുന്നിലെത്തി. എന്നാൽ പതിനേഴാം മിനുട്ടിൽ അൽവാരോ മാർട്ടിനസിലൂടെ അൽ നസ്ർ സമനില നേടി. അതിനു ശേഷം വിജയത്തിന് വേണ്ടി അൽ നസ്ർ ശ്രമങ്ങൾ നടത്തിയെങ്കിലും അതിനവരെ അൽ ഖലീജ് പ്രതിരോധവും ഗോൾകീപ്പറും അനുവദിക്കാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ എതിർടീമിന്റെ സ്റ്റാഫിനെ പിടിച്ചു തള്ളുകയും ചെയ്‌തു. വിജയം നേടാൻ കഴിയാതിരുന്നതിൽ നിരാശനായി നിന്നിരുന്ന റൊണാൾഡോയുടെ അരികിലേക്ക് അൽ ഖലീജിന്റെ ഒരു സ്റ്റാഫ് പോയി സെൽഫി എടുക്കാനുള്ള ശ്രമം നടത്തി. ഇത് റൊണാൾഡോക്ക് ഇഷ്‌ടമായില്ല. സെൽഫി എടുക്കാൻ ഫോൺ ഉയർത്തിയ സ്റ്റാഫിനെ റൊണാൾഡോ കൈ കൊണ്ട് തള്ളി മാറ്റി തന്റെ പ്രതിഷേധം പ്രകടമാക്കി.

മത്സരത്തിൽ റൊണാൾഡോ ടീമിന്റെ വിജയത്തിന് തന്റെ കഴിവിന്റെ പരമാവധി സംഭാവന നൽകിയെന്ന കാര്യത്തിൽ സംശയമില്ല. രണ്ടു ഷോട്ടുകൾ ഗോളിലേക്ക് ഉതിർത്ത താരം രണ്ടു കീ പാസുകളും മത്സരത്തിൽ നൽകി. ഇതിനു പുറമെ ഒരു വമ്പൻ അവസരം റൊണാൾഡോ ഉണ്ടാക്കിയെങ്കിലും അത് മുതലാക്കാൻ അൽ നസ്ർ താരങ്ങൾക്ക് കഴിഞ്ഞില്ല. മത്സരത്തിൽ തന്റെ കഴിവിന്റെ പരമാവധി ശ്രമം നടത്തിയിട്ടും വിജയം നേടാൻ കഴിയാത്തതിന്റെ നിരാശ തന്നെയാണ് താരം പ്രകടമാക്കിയത്.

സമനില വഴങ്ങിയതോടെ അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറക്കാനുള്ള അവസരമാണ് റൊണാൾഡോക്കും സംഘത്തിനും നഷ്‌ടമായത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിക്കാൻ അൽ നസ്റിന് കഴിഞ്ഞിട്ടില്ല. ഇരുപത്തിയാറു മത്സരങ്ങളിൽ നിന്നും അറുപത്തിരണ്ടു പോയിന്റുമായി അൽ ഇത്തിഹാദ് ഒന്നാമത് നിൽക്കുമ്പോൾ അൽ നസ്ർ അഞ്ച് പോയിന്റ് പിന്നിലാണ്. നാലു മത്സരങ്ങളാണ് ഇനി ലീഗിൽ ബാക്കിയുള്ളത്.

Cristiano Ronaldo Pushes Off Rival Team Staff Member