ഫുട്ബോളിലേക്ക് ലോറിസ് അവാർഡ് വന്നത് രണ്ടു തവണ മാത്രം, രണ്ടും സ്വന്തമാക്കിയത് ലയണൽ മെസി | Lionel Messi

കായികരംഗത്തെ ഓസ്‌കാർ എന്ന പേരിൽ അറിയപ്പെടുന്ന ലോറിസ് അവാർഡ് വീണ്ടും സ്വന്തമാക്കി ലയണൽ മെസി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ലോറീസിലെ സ്പോർട്ട്സ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം മെസിയെ തേടിയെത്തിയത്. ഖത്തർ ലോകകപ്പിൽ നായകനെന്ന നിലയിൽ അർജന്റീന ടീമിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ലയണൽ മെസിയെ ഈ പുരസ്‌കാരത്തിനു അർഹനാക്കിയത്. ലോകകപ്പിലെ താരവും മെസിയായിരുന്നു.

ലോകകപ്പിൽ അർജന്റീനയുടെ നായകനായിരുന്ന ലയണൽ മെസി ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അർജന്റീന ടീമിന് വേണ്ടി സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെയുള്ള ഓരോ ഘട്ടത്തിലും ലയണൽ മെസി ഗോളുകൾ നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരം കൂടിയായിരുന്നു മെസി. ഒടുവിൽ ഫൈനലിൽ ഇരട്ടഗോളുകൾ നേടി അർജന്റീനയുടെ കിരീടവിജയത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു.

“ഇതൊരു പ്രത്യേക ബഹുമതിയാണ്. ലോറിസ് അവാർഡ് ചടങ്ങ് നടന്നത് പാരീസിൽ വെച്ചായതു കൊണ്ട് പ്രത്യേകിച്ചും. 2021 മുതൽ ഞങ്ങളെ സ്വാഗതം ചെയ്‌ത നഗരമാണ് പാരീസ്. ഞാൻ എല്ലാ സഹതാരങ്ങളോടും നന്ദി പറയുന്നു, ദേശീയ ടീമിന് മാത്രമല്ല, പിഎസ്‌ജിയിലെ താരങ്ങളോടും. ഇതൊന്നും ഒറ്റക്ക് നേടിയെടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല, അവരുമായി ഈ ബഹുമതികൾ പങ്കു വെക്കാൻ എനിക്ക് വളരെയധികം സന്തോഷമുണ്ട്.” മെസി അവാർഡ് വാങ്ങിയതിന് ശേഷം പറഞ്ഞു.

ഫുട്ബോൾ മേഖലയിലേക്ക് രണ്ടു തവണ മാത്രമാണ് ലോറിസ് സ്പോർട്ട്സ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം വരുന്നത്. ഈ രണ്ടു തവണയും പുരസ്‌കാരം സ്വന്തമാക്കിയത് ലയണൽ മെസിയായിരുന്നു എന്നത് താരത്തിന്റെ മികവ് എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു. ഇതിനു മുൻപ് 2020ലാണ് ലയണൽ മെസി ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ലോകകപ്പ് വിജയിച്ച അർജന്റീന ടീം ലോറിസ് അവാർഡ്‌സിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

Lionel Messi Won Laureus Sportsman Of The Year