വിജയം നേടാതെ അൽ നസ്ർ, എതിർതാരങ്ങളോട് തർക്കിച്ച് കളിക്കളം വിട്ട് റൊണാൾഡോ | Cristiano Ronaldo

യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര പ്രകടനമാണ് അവിടെ നടത്തുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി സൗദി അറേബ്യയിൽ എത്തിയ താരത്തിന് പക്ഷെ തന്റെ ആദ്യത്തെ കിരീടം നേടാൻ കാത്തിരിക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസത്തെ മത്സരഫലം സൂചിപ്പിക്കുന്നത്. സൗദി ലീഗിൽ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ സമനില വഴങ്ങുകയായിരുന്നു.

അൽ ഫെയ്‌ഹായുടെ മൈതാനത്തു നടന്ന മത്സരത്തിലാണ് അൽ നസ്ർ സമനില വഴങ്ങിയത്. രണ്ടു ടീമുകളും ഗോളൊന്നുമടിക്കാൻ കഴിയാതെ പിരിയുകയായിരുന്നു. മത്സരത്തിൽ അൽ നസ്ർ തന്നെയാണ് മുന്നിട്ടു നിന്നിരുന്നത്. സൽ ഫെയ്‌ഹ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ചപ്പോൾ പതിനെട്ടു ഷോട്ടുകളാണ് അൽ നസ്ർ മത്സരത്തിൽ ഉതിർത്തത്. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ടീമിന് കഴിഞ്ഞില്ല.

മത്സരത്തിൽ തോൽവി വഴങ്ങിയതിന്റെ രോഷം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ പ്രകടനമായിരുന്നു. കളിയവസാനിച്ചതിനു എതിർ ടീമിലെ താരങ്ങളോട് തർക്കിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കണ്ടത്. അതിനു ശേഷം താരം പെട്ടന്ന് തന്നെ മൈതാനം വിടുകയും ചെയ്‌തു. അൽ ഫെയ്‌ഹ താരങ്ങൾ ലയണൽ മെസിയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും റൊണാൾഡോയെ പ്രകോപിതനാക്കി എന്നാണു കരുതേണ്ടത്.

മത്സരത്തിൽ സമനില വഴങ്ങിയതോടെ ഇരുപത്തിമൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അമ്പത്തിമൂന്നു പോയിന്റുള്ള അൽ നസ്ർ രണ്ടാം സ്ഥാനത്താണ്. മൂന്നു പോയിന്റ് കൂടുതലുള്ള അൽ ഇതിഹാദാണ്‌ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇനി ലീഗിൽ ഏഴോളം മത്സരങ്ങൾ മാത്രമാണ് ബാക്കിയെന്നിരിക്കെ ഇനിയുള്ള ഓരോ മത്സരവും രണ്ടു ടീമുകൾക്കും നിർണായകമാണ്. 47 പോയിന്റുള്ള അൽ ഷബാബ്, 45 പോയിന്റുള്ള അൽ ഹിലാൽ എന്നിവരും കിരീടപ്പോരാട്ടത്തിലുണ്ട്.

Content Highlights: Cristiano Ronaldo Storms Down Tunnel