തന്നെ തഴഞ്ഞ ഒഡിഷയോട് പ്രതികാരം നടത്തി ഡൈസുകെ, ജാപ്പനീസ് താരത്തിന്റെ പ്രകടനം വിജയത്തിൽ നിർണായകമായി | Daisuke

കേരള ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിതമായി വീണു കിട്ടിയ താരമാണ് ഡൈസുകെ സകായ്. ഓസ്‌ട്രേലിയയിൽ നിന്നും ടീമിലെത്തിച്ച ജൗഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് 2024ന്റെ തുടക്കം വരെയുള്ള മത്സരങ്ങൾ നഷ്‌ടമാകും എന്നുറപ്പായപ്പോഴാണ് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ജാപ്പനീസ് താരത്തെ ടീമിലെത്തിച്ചത്. തായ്‌ലൻഡ് ക്ലബായ കസ്റ്റം യുണൈറ്റഡിന് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ ഇരുപത്തിയാറു വയസുള്ള താരം കളിച്ചിരുന്നത്.

ജാപ്പനീസ് താരം ടീമിനായി നടത്തുന്ന പ്രകടനം കാണുമ്പോൾ ജൗഷുവക്ക് പരിക്ക് പറ്റിയത് നന്നായെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കരുതുന്നത്. അങ്ങിനെ സംഭവിച്ചില്ലെങ്കിൽ ജാപ്പനീസ് താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരിക്കലും കളിക്കില്ലായിരുന്നു. ഇന്ത്യൻ ടീമിലെ സാഹചര്യങ്ങളുമായി വളരെ വേഗത്തിൽ ഇണങ്ങിയ താരം ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ ഗോളിൽ പങ്കാളിയാകാനും താരത്തിനായി.

ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിന് അടിത്തറയിട്ട ഗോളിനാണ് ജാപ്പനീസ് താരം വഴിയൊരുക്കിയത്. ഇതോടെ ഒഡിഷ എഫ്‌സിക്കെതിരെ ഒരു മധുരപ്രതികാരം കൂടി നടത്താൻ ജാപ്പനീസ് താരത്തിന് കഴിഞ്ഞു. സീസണിന് മുൻപ് താരം ഒഡിഷ എഫ്‌സിയിൽ ട്രയൽസ് നടത്തിയിരുന്നു. എന്നാൽ ഡൈസുകെയെ വാങ്ങാൻ ഒഡിഷ എഫ്‌സി തയ്യാറായില്ല. അതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് ജാപ്പനീസ് താരത്തെ സ്വന്തമാക്കിയത്.

വിങ്ങറാണെങ്കിലും നിലവിൽ നാല് പേരുള്ള മധ്യനിരയിൽ ഒരാളായാണ് ഡൈസുകെ കളിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച താരം ഒരു അസിസ്റ്റിനു പുറമെ മൂന്നു കീ പാസുകൾ മത്സരത്തിൽ നൽകുകയും ഒരു വമ്പൻ അവസരം സൃഷ്‌ടിച്ചെടുക്കുകയും ചെയ്‌തു. ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ ഗോൾ നേടുന്നതിന് മുൻപ് ഒഡിഷ ബോക്‌സിൽ നടത്തിയ മികച്ചൊരു ഡ്രിബ്ലിങ് മുന്നേറ്റമടക്കം രണ്ടു ഡ്രിബിളുകൾ മത്സരത്തിൽ പൂർത്തിയാക്കാനും താരത്തിന് കഴിഞ്ഞു.

അസാമാന്യമായ പ്രകടനം എന്നവകാശപ്പെടാൻ കഴിയില്ലെങ്കിലും തന്റെ പൊസിഷനിൽ ഡൈസുകെ എല്ലാ രീതിയിലും കുറ്റമറ്റ പ്രകടനമാണ് നടത്തുന്നത്. മുന്നേറ്റനിരയിൽ എന്നതു പോലെത്തന്നെ പ്രതിരോധത്തിലും സഹായിക്കാൻ താരത്തിന് കഴിയുന്നുണ്ടെന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട കാര്യം. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെട്ടു വരുന്ന താരം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Daisuke Sakai Got First Assist For Kerala Blasters