തന്റെ കുട്ടിയെ കണ്ടു മതിയാകും മുൻപേ ബ്ലാസ്റ്റേഴ്‌സിനായി തിരിച്ചുവന്നു, നിർണായക ഗോൾ നേടി ഹീറോയായി ദിമിത്രിയോസ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിനു മുൻപ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു മത്സരത്തിന് ഇരുപത്തിനാലു മണിക്കൂർ മാത്രം ബാക്കി നിൽക്കെ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് സ്വന്തം നാടായ ഗ്രീസിലേക്ക് മടങ്ങിയത്. ഭാര്യ പ്രസവിച്ചതിനെ തുടർന്നാണ് ദിമിത്രിയോസ് ഗ്രീസിലേക്ക് പോയതെന്നും ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ താരം കളിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ.

എന്നാൽ അതിനു പിന്നാലെ തന്നെ ദിമിത്രിയോസ് കൊച്ചിയിലേക്ക് തിരിച്ചു വന്നുവെന്നും താരം ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ കളിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരികയുണ്ടായി. തന്റെ കുട്ടിയുടെ കൂടെ ഏതാനും സമയം മാത്രം ചിലവഴിച്ച താരം പിന്നാലെ തന്നെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. നിരവധി താരങ്ങൾ പരിക്കും വിലക്കും കാരണം ഇറങ്ങാതിരിക്കുമ്പോൾ തന്റെ കൂടി അഭാവം ടീമിനെ ബാധിക്കരുതെന്ന് താരം ചിന്തിച്ചു കാണും.

എന്തായാലും ഇന്നലത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഹീറോയാകാൻ ദിമിത്രിയോസിനു കഴിഞ്ഞു എന്നതാണ് പ്രധാനപ്പെട്ട കാര്യം. മത്സരത്തിൽ ആദ്യ ഇലവനിൽ താരം ഉണ്ടായിരുന്നില്ല. ലൂണ, പെപ്ര, രാഹുൽ കെപി എന്നിവരെയാണ് പരിശീലകൻ ആദ്യ ഇലവനിൽ പരീക്ഷിച്ചത്. എന്നാൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും മുതലാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരക്ക് കഴിയാതെ വന്നപ്പോൾ രണ്ടാം പകുതിയിൽ രാഹുലിന് പകരക്കാരനായി ദിമിത്രിയോസ് കളത്തിലിറങ്ങി.

തനിക്ക് കുട്ടി പിറന്നതിന്റെ സന്തോഷവുമായി കളത്തിലിറങ്ങിയ താരത്തിന് ഗോൾ നേടാൻ വെറും എട്ടു മിനുട്ടുകൾ മാത്രമാണ് വേണ്ടി വന്നത്. താരം എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾ ഒന്നുകൂടി സജീവമായി. അതിനിടയിൽ ഒരു ക്വിക്ക് ഫ്രീകിക്ക് എടുത്ത ലൂണ അത് ഡൈസുകെക്ക് നൽകി. ഡൈസുകെ നൽകിയ പാസിൽ നിന്നും ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോളും സ്വന്തമാക്കി. ആ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടത്.

തന്റെ കുട്ടിയെ കൊതി തീരും വരെ കാണും മുമ്പേയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാൻ ദിമിത്രിയോസ് കൊച്ചിയിലേക്ക് തിരിച്ചു വന്നത്. താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടുള്ള ആത്മാർഥത ഇതിൽ നിന്നും വ്യക്തമാണ്. ഒരുപക്ഷേ കുടുംബത്തിനൊപ്പം അവിടെ തുടരാൻ താരം തീരുമാനം എടുത്തിരുന്നെങ്കിൽ ഈ മത്സരം ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ കഴിയുമായിരുന്നില്ല. സീസണിലെ ആദ്യത്തെ ഗോൾ കൂടിയാണ് ദിമിത്രിയോസ് ഇന്നലെ നേടിയത്.

Dimitrios Show His Sincerity For Kerala Blasters