വിജയത്തിൽ സൂപ്പർഹീറോയായി സച്ചിൻ സുരേഷ്, ബ്ലാസ്റ്റേഴ്‌സിനെ ഉയർത്തെഴുന്നേൽപ്പിച്ചത് ആ സേവുകൾ | Sachin Suresh

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിർണായകമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കൊച്ചിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ ഒരു ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യത്തെ ഗോൾ നേടിയപ്പോൾ അഡ്രിയാൻ ലൂണയുടെ മനോഹരമായ ഗോൾ ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചു.

മത്സരത്തിന്റെ ആദ്യപകുതി സംഭവബഹുലമായിരുന്നു. പതിനഞ്ചാം മിനുട്ടിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഒഡിഷ എഫ്‌സി മത്സരത്തിൽ മുന്നിലെത്തി. ഡീഗോ മൗറീസിയോയാണ് ഒഡിഷക്ക് വേണ്ടി ഗോൾ നേടിയത്. അതിനു പിന്നാലെ ലീഡ് ഉയർത്താൻ ഒഡിഷക്ക് അവസരമുണ്ടായിരുന്നു. എന്നാൽ മൗറീസിയോ തന്നെ എടുത്ത പെനാൽറ്റി കിക്ക് ബ്ലാസ്റ്റേഴ്‌സ് കീപ്പറായ സച്ചിൻ സുരേഷ് തടുത്തിട്ടു. അതിനു പിന്നാലെ വന്നൊരു റീബൗണ്ട് ഷോട്ടും താരം കൃത്യമായി കയ്യിലൊതുക്കി.

ഒഡിഷക്ക് പെനാൽറ്റി ലഭിക്കാൻ കാരണമായത് അവരുടെ ഫ്രീകിക്ക് ബോക്‌സിനുള്ളിൽ വെച്ച് നവോചോയുടെ കയ്യിൽ കൊണ്ടതിനെ തുടർന്നാണ്. നവോച്ചോയുടെ കയ്യിൽ കൊണ്ടു പോസ്റ്റിനുള്ളിലേക്ക് വന്ന ഷോട്ടും സച്ചിൻ സുരേഷ് തടുത്തിരുന്നു. അങ്ങിനെ വളരെ കുറഞ്ഞ സമയത്തിന്റെ ഉള്ളിൽ മൂന്നു ഷോട്ടുകളാണ് താരം മികച്ച രീതിയിൽ നിർവീര്യമാക്കിയത്. ഈ സേവുകൾ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിന് ഊർജ്ജം നൽകിയെന്നാണ് മത്സരത്തിന് ശേഷം ഇവാൻ പറഞ്ഞത്.

“പിഴവുകളിൽ നിന്നും ഗോൾ വഴങ്ങിയതിനു ശേഷം ഞങ്ങൾക്കത് തിരുത്തണമായിരുന്നു. അതിനു ശേഷം വന്ന പെനാൽറ്റി സേവ് ചെയ്‌തത്‌ ഞങ്ങൾക്ക് മാനസികമായി ഊർജ്ജം നൽകി. പെനാൽറ്റിയും അതിന്റെ റീബൗണ്ടും തടഞ്ഞിട്ടത് സച്ചിൻ സുരേഷിന്റെ ഗംഭീര പ്രകടനമായിരുന്നു. അതിനു ശേഷം ടീമിന് മത്സരത്തിൽ പിടിമുറുക്കാൻ കഴിഞ്ഞു. മത്സരത്തിലേക്ക് തിരിച്ചു വന്നതും ആരാധകർ നൽകുന്ന പിന്തുണയുമെല്ലാം കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാൻ കാരണമായി.” ഇവാൻ മത്സരത്തിന് ശേഷം പറഞ്ഞു.

ഡ്യൂറൻഡ് കപ്പിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഗോൾകീപ്പറായിരുന്നു സച്ചിൻ സുരേഷ്. എന്നാൽ ഐഎസ്എൽ എത്തിയപ്പോഴേക്കും താരം ആത്മവിശ്വാസം കാണിക്കാൻ തുടങ്ങി. മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ വരുത്തിയ പിഴവുകൾ വീണ്ടും വിമർശനങ്ങൾക്ക് കാരണമായെങ്കിലും അത് തിരുത്താൻ താരം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നതിൽ സംശയമില്ല. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായ പ്രകടനം അത് വ്യക്തമാക്കുന്നു.

Sachin Suresh Praised By Ivan For His Brilliant Saves