ക്വിക്ക് ഫ്രീകിക്ക് എന്താണെന്ന് കാണിച്ചു കൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, റഫറിമാർക്ക് ഇവാന്റെ മറുപടി | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ഉണ്ടാക്കിയ വിവാദം വലുതായിരുന്നു. റഫറി വിസിൽ മുഴക്കുകയും ഫ്രീകിക്ക് സ്പോട്ട് മാർക്ക് ചെയ്യുകയും ചെയ്‌തതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപേ ഛേത്രി ഫ്രീകിക്ക് എടുത്ത് ഗോൾ നേടുകയായിരുന്നു. അതിനോട് തന്റെ താരങ്ങളെ തിരിച്ചുവിളിച്ച് കളിക്കളം വിട്ടാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരിച്ചത്.

ആ സംഭവത്തിന്റെ പേരിൽ പത്ത് മത്സരങ്ങളിലാണ് ഇവാൻ വുകോമനോവിച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കിയത്. എന്നാൽ വിലക്കിലും റഫറിയുടെ ആ തീരുമാനം തീർത്തും തെറ്റായിരുന്നു എന്നും അതൊരിക്കലും ഗോൾ അനുവദിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വാദിച്ചു കൊണ്ടിരുന്നു. വിലക്ക് മാറി ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ ടീമിനെ നയിച്ച് വിജയം നേടിയതിനു ശേഷം ഇക്കാര്യം ഒരിക്കൽക്കൂടി അദ്ദേഹം ആവർത്തിക്കുകയുണ്ടായി.

ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ ഗോൾ പിറന്നത് ഒരു ക്വിക്ക് ഫ്രീ കിക്കിലൂടെ ആയിരുന്നു. അഡ്രിയാൻ ലൂണയെ ഒഡിഷ എഫ്‌സിയുടെ താരം വീഴ്ത്തിയപ്പോൾ റഫറി വിസിൽ മുഴക്കി. ഉടനെ തന്നെ എണീറ്റ് ഫ്രീകിക്ക് എടുത്ത ലൂണ പന്ത് ഡൈസുകെക്ക് കൈമാറി. താരത്തിന്റെ പാസിൽ നിന്നും ദിമിത്രിയോസ് ടീമിന്റെ തിരിച്ചുവരവിനു തുടക്കമിടുകയും ചെയ്‌തു. ഈ ഗോളിനെക്കുറിച്ചും ആ ക്വിക്ക് ഫ്രീകിക്കിനെക്കുറിച്ചും ചോദിച്ചപ്പോൾ ഇവാന്റെ മറുപടി ഇങ്ങിനെയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ എടുത്ത ഫ്രീകിക്ക് ഫൗൾ നടന്നതിനു ശേഷം രണ്ടോ മൂന്നോ സെക്കൻഡുകളുടെ ഉള്ളിൽ ആയിരുന്നു. അത്രയും കുറഞ്ഞ സമയത്തിന്റെ ഉള്ളിൽ എടുക്കുന്നതാണ് ശരിക്കും ക്വിക്ക് ഫ്രീകിക്ക്. അതേസമയം ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഫ്രീകിക്ക് എടുത്തത് ഇരുപത്തിയൊമ്പത് സെക്കൻഡോളം കഴിഞ്ഞാണ്. അന്നു റഫറി സ്പ്രേ ചെയ്‌തതിനാൽ വിസിലിനു വേണ്ടി കാത്തിരിക്കണമെന്നതും നിയമമാണെന്നും ഇവാൻ മത്സരത്തിന് ശേഷം പറഞ്ഞു.

വലിയൊരു തെറ്റിൽ പ്രതിഷേധിച്ചതിന്റെ ഭാഗമായി തനിക്ക് ലഭിച്ച വിലക്കിനു ശേഷം ഇവാൻ ടീമിലേക്ക് തിരിച്ചു വന്നപ്പോൾ അന്ന് സംഭവിച്ച തെറ്റ് എന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. അതും അന്നത്തെ സംഭവം ശരിയായ രീതിയിൽ ആവർത്തിച്ച് ഒരു ഗോൾ നേടിയതിലൂടെ. ഇവാൻ വുകോമനോവിച്ചിനെയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെയും സംബന്ധിച്ച് ഇത് എഐഎഫ്എഫിന്റെയും ഐഎസിൽ നേതൃത്വത്തിന്റെയും പിടിപ്പുകേടിനോടുള്ള മധുപ്രതികാരം കൂടിയാണ്.

Kerala Blasters Showed What Is a Quick Free Kick