ഇതുവരെയുള്ള മത്സരങ്ങളിൽ കാണാതിരുന്ന വലിയ മാറ്റം, ഇവാനാശാൻ വന്നതോടെ ടീം വേറെ ലെവൽ | Kerala Blasters

ഒരുപാട് മത്സരങ്ങൾ വിലക്ക് കാരണം പുറത്തിരുന്ന ഇവാൻ വുകോമനോവിച്ച് തിരിച്ചെത്തിയ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെയാണ് ആഘോഷിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്നെങ്കിലും അതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. വിജയം നേടിയതോടെ അഞ്ചു മത്സരങ്ങളിൽ മൂന്നു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു വരാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾ ഒരിക്കൽക്കൂടി വിജയം കാണുന്നതാണ് മത്‌സരത്തിൽ കണ്ടത്. ആദ്യ ഇലവനിൽ ദിമിത്രിയോസിനെ ഇറക്കാതിരുന്ന ആശാന്റെ തീരുമാനം ആരാധകരുടെ നെറ്റി ചുളിപ്പിച്ച ഒന്നായിരുന്നു. പിഴവുകൾ വരുത്തി ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങുകയും മുന്നേറ്റനിര അവസരങ്ങൾ മുതലെടുക്കാൻ പരാജയപ്പെടുകയും ചെയ്‌തതോടെ തീരുമാനം തെറ്റിയെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ ആദ്യപകുതിയിൽ അവസരങ്ങൾ കൂടുതൽ ലഭിച്ചത് ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു.

രണ്ടാം പകുതിയിൽ ആശാൻ ടീമിനെ അഴിച്ചു പണിഞ്ഞു. വിബിൻ മോഹനന് പകരം ഫ്രഡിയും രാഹുൽ കെപിക്ക് പകരം ദിമിത്രിയോസും വന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾ കൂടുതൽ ശക്തമായി മാറി. അതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ ഗോൾ വന്നു. ഒഡിഷ മികച്ച ചില താരങ്ങളെ പിൻവലിച്ചതും ഈ ഗോളിന് കാരണമായിരുന്നു. അതിനു പിന്നാലെ സകായിക്ക് പകരം ഐമനെ കൂടി കളത്തിലിറക്കി ബ്ലാസ്റ്റേഴ്‌സ് ഒഡീഷക്കു മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയത് രണ്ടാമത്തെ ഗോളിനും കാരണമായി.

കഴിഞ്ഞ ഏതാനും മത്സരങ്ങളായി അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സ് പൂർണമായും തളർന്നു കളിക്കുന്നത് ഏവരും ശ്രദ്ധിച്ച കാര്യമാണ്. മത്സരത്തിൽ ഗോൾ നേടേണ്ട അവസാന മിനിറ്റുകളിൽ ആർത്തിരമ്പി കളിക്കേണ്ട ടീം എന്തുകൊണ്ടാണ് അലസമായി ഊർജ്ജം തീർന്നവരെപ്പോലെ ഉഴറുന്നതെന്ന് ഏവരും അത്ഭുതപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ഒഡിഷക്കെതിരെ അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സ് ആവേശകരമായ പ്രകടനം തന്നെയാണ് നടത്തിയത്. അതുകൊണ്ടു തന്നെയാണ് വിജയഗോൾ വന്നതും.

ഇവാൻ വുകോമനോവിച്ച് സൈഡ്‌ലൈനിൽ വന്നതിന്റെ മാറ്റമാണ് ടീമിനുണ്ടായതെന്നാണ് കരുതേണ്ടത്. കഴിഞ്ഞ എല്ലാ മത്സരങ്ങളിലും, പ്രത്യേകിച്ച് ഗോളുകൾ അനിവാര്യമായിരുന്നു മുംബൈ സിറ്റി, നോർത്ത്ഈസ്റ് യുണൈറ്റഡ് എന്നിവർക്കെതിരായ അവസാന മിനിറ്റുകളിൽ തളർന്നു കളിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ പുതിയൊരു ഊർജ്ജം നേടിയത് പോലെയാണ് കളിച്ചിരുന്നത്. താരങ്ങളെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഇവാന്റെ വരവാണ് ഇതിനു കാരണമെന്നതിൽ സംശയമില്ല.

Kerala Blasters Got New Strength After Ivans Return