അതുവരെ ആവേശത്തിലായിരുന്ന ഇവാൻ പെട്ടന്നു പൊട്ടിക്കരഞ്ഞതിന്റെ കാരണമെന്താണ്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ മത്സരമായിരുന്നു. കഴിഞ്ഞ സീസണിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ടീമിലെ താരങ്ങളെയും കൊണ്ട് കളിക്കളം വിട്ടതിനെ തുടർന്ന് പത്ത് മത്സരങ്ങളിലാണ് അദ്ദേഹത്തിന് വിലക്ക് ലഭിച്ചത്. ഇതിനെത്തുടർന്ന് എഐഎഫ്എഫിന്റെ കീഴിലുള്ള പത്ത് മത്സരങ്ങളാണ് അദ്ദേഹത്തിന് പൂർണമായും നഷ്‌ടമായത്.

ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കുള്ള തിരിച്ചുവരവ് ഏറ്റവും നല്ല രീതിയിൽ തന്നെ ആഘോഷിക്കാൻ ഇവാനു കഴിഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിപ്പോയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. ഇതോടെ ഈ സീസണിൽ സ്വന്തം മൈതാനത്ത് അപരാജിത കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. സീസണിൽ നാല് മത്സരങ്ങൾ സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ മൂന്നെണ്ണത്തിൽ വിജയവും ഒന്നിൽ സമനില വഴങ്ങുകയും ചെയ്‌തു.

ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവിൽ ഗംഭീരസ്വീകരണമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയത്. മത്സരത്തിന്റെ ആഴ്ച്ചകൾക്ക് മുൻപേ തന്നെ അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയ അവർ അതിഗംഭീരമായ ഒരു ടിഫൊയാണ് ഇവാൻ മൈതാനത്തേക്ക് വരുമ്പോൾ ഗ്യാലറിയിൽ ഉയർത്തിയത്. ‘രാജാവ് തിരിച്ചു വന്നിരിക്കുന്നു’ എന്നാണ് അവർ ഗ്യാലറി മുഴുവൻ നിറഞ്ഞു നിന്ന ടിഫോയിൽ കുറിച്ചത്. ഐഎസ്എല്ലിൽ ഒരു പരിശീലകനും ഇതുപോലെയൊരു സ്വീകരണം ലഭിച്ചിട്ടുണ്ടാകില്ല.

അതേസമയം മത്സരത്തിൽ വിജയം നേടിയത് ആരാധകർക്കൊപ്പം വളരെ ആവേശത്തോടെ ആഘോഷിച്ച ഇവാൻ വുകോമനോവിച്ച് ഇടയിൽ വികാരാധീനനായി കരയുന്നുണ്ടായിരുന്നു. അതിന്റെ കാരണം അദ്ദേഹം മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തുകയുണ്ടായി. ആരാധകരോട് എങ്ങിനെയാണ് തനിക്കുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുക എന്നറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് തന്റെ കണ്ണുകൾ നിറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയൊരു ഊർജ്ജം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്നലെ നടന്ന മത്സരത്തിൽ ടീമിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു. ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ അടുത്ത മത്സരം ഈസ്റ്റ് ബംഗാളിന്റെ മൈതാനത്തുള്ള എവേ മത്സരമാണ്. അതിനു ശേഷം ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരമുണ്ടാവുക.

Vukomanovic Reveals Reason Of His Tears