ഒന്നല്ല, മൂന്നു ലൂണയെയാണ് കളിക്കളത്തിൽ കാണാൻ കഴിയുക; ഇതുപോലൊരു താരം ബ്ലാസ്റ്റേഴ്‌സിൽ ഇതിനു മുൻപുണ്ടായിട്ടില്ല | Luna

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് അഡ്രിയാൻ ലൂണ. ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ആദ്യത്തെ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. ആ സീസണിനു ശേഷം തന്റെ കൂടെയുള്ള താരങ്ങളെല്ലാം ക്ലബ് വിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തുടരാനാണ് അഡ്രിയാൻ ലൂണ തീരുമാനിച്ചത്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്നാമത്തെ സീസണിൽ കളിക്കുമ്പോൾ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. ടീമിനെ കിരീടങ്ങളിലേക്കൊന്നും നയിക്കാൻ ഇതുവരെ കഴിഞ്ഞില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന, ടീമിനായി ആത്മാർത്ഥമായി പൊരുതുന്ന താരമാണ് ലൂണയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് ഈ സീസണിൽ ടീമിന്റെ നായകനായി ലൂണയെ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചതും.

ഇന്നലെ ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ലൂണയുടെ അതിഗംഭീരമായ പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ടീമിനായി എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന താരം അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിലാണ് കളിക്കാറുള്ളതെങ്കിലും മുന്നേറ്റനിരയിൽ മാത്രമല്ല, പ്രതിരോധത്തിലും അതുപോലെ പങ്കു വഹിക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സിയുടെ മികച്ചൊരു മുന്നേറ്റം ബാക്ക്‌ട്രാക്ക് ചെയ്‌തു ടാക്കിൾ ചെയ്‌ത ലൂണ ആരാധകരുടെ നിലക്കാത്ത കയ്യടികളാണ് വാങ്ങിയത്.

മത്സരത്തിൽ ഒരു ക്വിക്ക് ഫ്രീകിക്കിലൂടെ ആദ്യത്തെ ഗോളിനുള്ള പ്രീ അസിസ്റ്റ് നൽകിയ ലൂണ ഒരു ലോകോത്തര ഗോൾ നേടി ടീമിന് വിജയവും സ്വന്തമാക്കി നൽകി. ഇന്നലെ ഒരു ഗോളിന് പുറമെ നാല് കീ പാസുകൾ മത്സരത്തിൽ നൽകിയ താരം എൺപത്തിരണ്ടു ശതമാനം പാസുകളും കൃത്യമായി പൂർത്തിയാക്കി. എട്ടിൽ ഏഴു ഗ്രൗണ്ട് ഡുവൽസിലും വിജയം നേടിയ താരം മൂന്നു ടാക്കിളുകളും രണ്ട് ഇന്റർസെപ്‌ഷനും നടത്തി പ്രതിരോധത്തെയും ഒരുപോലെ സഹായിക്കുകയുണ്ടായി.

കളിക്കളത്തിൽ ഒരു ലൂണയെയല്ല, മറിച്ച് ആക്രമണത്തിലും പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കളിക്കുന്ന മൂന്നു ലൂണയെയാണ് കാണാൻ കഴിയുകയെന്നാണ് ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകർ പറയുന്നത്. എന്തായാലും ഇതുപോലെ കഠിനാധ്വാനിയായ ഒരു താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നത് വാസ്തവമാണ്. ഇനി ടീമിനൊപ്പം ഒരു കിരീടം കൂടി സ്വന്തമാക്കി നൽകാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് ഇതിഹാസമായി മാറാൻ ലൂണക്ക് കഴിയും.

Adrian Luna Performance Won KBFC Fans Hearts