മെസിയും എംബാപ്പയും വീണ്ടും നേർക്കുനേർ വരുമോ, 2024ലെ ഒളിമ്പിക്‌സ് ടീമിൽ ചേരാൻ മെസിയെ ക്ഷണിച്ച് മഷറാനോ | Messi

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകിയ ഒന്നായിരുന്നു. രണ്ടു തലമുറയിൽ പെട്ട ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ രണ്ടു പേരും മികച്ച പ്രകടനമാണ് നടത്തിയത്. എംബാപ്പെ ഹാട്രിക്കും ലയണൽ മെസി രണ്ടു ഗോളുകളും നേടിയ മത്സരത്തിൽ ഷൂട്ടൗട്ടിൽ അർജന്റീന തന്നെ വിജയം സ്വന്തമാക്കി. എങ്കിലും അർജന്റീന വിജയം ഉറപ്പിച്ച മത്സരത്തിൽ ഫ്രാൻസ് നടത്തിയ തിരിച്ചുവരവും എംബാപ്പയുടെ ഹീറോയിസവും ഐതിഹാസികമായിരുന്നു.

പിഎസ്‌ജിയിൽ സഹതാരങ്ങളായിരുന്ന എംബാപ്പയും ലയണൽ മെസിയും വീണ്ടുമൊരു ടൂർണമെന്റിൽ കൂടി നേർക്കുനേർ വരാനുള്ള സാധ്യത അടുത്ത വർഷമുണ്ട്. കഴിഞ്ഞ ദിവസം ലയണൽ മെസിയെ 2024ൽ നടക്കുന്ന ഒളിമ്പിക്‌സ് ടൂർണമെന്റിൽ പങ്കെടുക്കാൻ അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായ മഷറാനോ ക്ഷണിച്ചതോടെയാണ് ഇതിനുള്ള സാധ്യത തുറന്നത്. മെസിക്ക് സമ്മതമാണെങ്കിൽ താരത്തെ സ്വാഗതം ചെയ്യുമെന്നാണ് മഷറാനോ പറഞ്ഞത്.

“ഇതേക്കുറിച്ച് എന്നോട് മുൻപേ ചോദിച്ചിട്ടുണ്ട്. തീർച്ചയായും ലയണൽ മെസിക്ക് എന്തു ചെയ്യാനും ദേശീയ ടീമിന്റെ വാതിലുകൾ തുറന്നു തന്നെ കിടക്കും. ഞാൻ താരവുമായി വളരെ അടുത്ത സൗഹൃദമുള്ള ഒരാളാണ്, താരം കളിക്കുന്നത് ഞാൻ ഇഷ്‌ടപ്പെടുന്നു. എന്നാൽ അതിനായി ആദ്യം ചെയ്യേണ്ടത് ഞങ്ങൾ ഒളിമ്പിക്‌സിന് യോഗ്യത നേടുകയെന്നതാണ്.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മെസിക്കൊപ്പം ബാഴ്‌സയിലും അർജന്റീനയിലും ഒരുമിച്ചു കളിച്ചിട്ടുള്ള മഷറാനോ പറഞ്ഞു.

2024ലെ ഒളിമ്പിക്‌സ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഫ്രാൻസിൽ വെച്ചാണ് നടക്കുന്നത്. എംബാപ്പയെ സംബന്ധിച്ച് സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന കായികമാമാങ്കത്തിൽ കിരീടം നേടാനുള്ള വലിയൊരു അവസരമാണ് വന്നിരിക്കുന്നത്. ഒളിമ്പിക്‌സിൽ കളിക്കാനും കിരീടം സ്വന്തമാക്കാനും താരം വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ലയണൽ മെസി ഒരിക്കൽ ഒളിമ്പിക്‌സ് സ്വർണം സ്വന്തമാക്കിയതാണെങ്കിലും ഒരിക്കൽക്കൂടി പൊരുതാൻ താരം ആഗ്രഹിച്ചാൽ രണ്ടു താരങ്ങളും തമ്മിലുള്ള പോരാട്ടം നടക്കാൻ സാധ്യതയുണ്ട്.

എന്നാൽ ഇതിനായി ആദ്യം വേണ്ടത് അർജന്റീന ഒളിമ്പിക്‌സിന് യോഗ്യത നേടുകയെന്നതാണ്. ജനുവരിയിലും ഫെബ്രുവരിയിലുമായാണ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ഒളിമ്പിക്‌സിൽ അണ്ടർ 23 താരങ്ങളാണ് പങ്കെടുക്കേണ്ടതെങ്കിലും മറ്റു താരങ്ങൾക്ക് നിശ്ചിത എണ്ണം പങ്കെടുക്കാമെന്ന നിയമമുണ്ട്. എന്നാൽ എംഎൽഎസ് നടക്കുന്ന സമയമായതിനാൽ ലയണൽ മെസി ടൂർണമെന്റിൽ പങ്കെടുക്കുമോയെന്നത് താരത്തിന്റെ തീരുമാനത്തെ മാത്രം കേന്ദ്രീകരിച്ചിരിക്കും.

Mascherano Open Doors To Messi At 2024 Olympics