ഫുട്ബോൾ ലോകത്തു നിന്നും ഞെട്ടിക്കുന്ന വാർത്ത, ലിവർപൂൾ സൂപ്പർതാരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയി | Luis Diaz

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ മുന്നേറ്റനിര താരമായ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയെന്നു റിപ്പോർട്ടുകൾ. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ താരമായ ലൂയിസ് ഡയസിനെ കഴിഞ്ഞ ദിവസമാണ് കിഡ്‌നാപ്പ് ചെയ്‌തതെന്നാണ്‌ സൂചനകൾ. കൊളംബിയയിലെ ലാ ഗുവാജിറ പ്രവിശ്യയിലെ ബറാൻകാസ് പട്ടണത്തിൽ വെച്ചാണ് സംഭവം നടന്നതെന്നും നിലവിൽ പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നു.

പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ലൂയിസ് ഡയസിന്റെ അമ്മയും അച്ഛനും കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വാഹനം തടഞ്ഞു നിർത്തിയാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. അവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തിയതിനു ശേഷം ആ വാഹനം സ്വന്തമാക്കിയ അവർ ഇരുവരെയും കൊണ്ട് സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞു. ഈ കിഡ്‌നാപ്പിംഗിനു പിന്നിലെ കാരണം എന്താണെന്ന കാര്യം ഇതുവരെയും വ്യക്തമല്ല.

സംഭവത്തിൽ കൊളംബിയൻ പോലീസ് അന്വേഷണവും വ്യാപകമായ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ ലൂയിസ് ഡയസിന്റെ അമ്മയായ സിലിനിസ് മരുളാൻഡയെ പോലീസ് മോചിപ്പിച്ചുവെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്നാൽ താരത്തിന്റെ പിതാവ് ഇപ്പോഴും കിഡ്‌നാപ്പ് ചെയ്യപ്പെട്ടവരുടെ തടവിൽ തന്നെയാണ്. അദ്ദേഹത്തെയും പെട്ടന്നു തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ലാറ്റിനമേരിക്കയിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്നാണ് കൊളംബിയ. മയക്കുമരുന്ന് വ്യാപാരവും തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടലുമെല്ലാം അവിടെ വളരെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നവർ കൊളംബിയയിൽ നിരവധിയുണ്ട്. അതേസമയം താരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയത് ഏതെങ്കിലും കാർട്ടലിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണോ എന്ന സംശയമുണ്ട്.

ഇരുപത്തിയാറുകാരനായ ലൂയിസ് ഡയസ് 2022 മുതൽ ലിവർപൂളിന്റെ താരമാണ്. പോർച്ചുഗീസ് ക്ലബായ പോർട്ടോയിൽ നിന്നാണ് താരം ലിവർപൂളിൽ എത്തിയത്. 2021ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ലയണൽ മെസിക്കൊപ്പം ടോപ് സ്കോററായ താരം കൂടിയായ ഡയസ് ലിവർപൂളിനായി മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇന്ന് രാത്രി നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂൾ ഇറങ്ങാനിരിക്കെയാണ് താരത്തെ തേടി ആശങ്കപ്പെടുത്തുന്ന വാർത്തെയെത്തുന്നത്.

Luis Diaz Parents Kidnapped Mother Rescued