മറ്റു ക്ലബുകളിലേക്ക് ചേക്കേറിയിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ മറക്കാതെ വിദേശതാരങ്ങൾ, ഈ ക്ലബ് ഒരു വലിയ വികാരമാണ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീരമായ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് പതിനഞ്ചാം മിനുട്ടിൽ തന്നെ ഒരു ഗോൾ വഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം അവസാനം വരെ പൊരുതിയാണ് രണ്ടു ഗോളുകൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. മത്സരം പൂർണമായും കൈവിട്ടു പോകേണ്ട സാഹചര്യത്തിൽ സച്ചിൻ സുരേഷ് നടത്തിയ പെനാൽറ്റി സേവാണ് കേരള ബ്ലാസ്റ്റേഴ്‌സിനു വർധിത വീര്യത്തോടെ പൊരുതാനുള്ള ഊർജ്ജം നൽകിയത്.

നിരവധി മത്സരങ്ങൾക്ക് ശേഷം ഇവാൻ വുകോമനോവിച്ച് തിരിച്ചെത്തിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം ഇരട്ടിമധുരമായി മാറിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത് ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ആരാധകരും ടീമും മാത്രമല്ല ബ്ലാസ്റ്റേഴ്‌സിന്റെ ഈ വിജയം ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഉണ്ടായിരുന്ന നിരവധി വിദേശതാരങ്ങളും ആശാന്റെ തിരിച്ചുവരവും ബ്ലാസ്റ്റേഴ്‌സിന്റെ വിജയവും ആഘോഷിക്കുകയാണ്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന അൽവാരോ വാസ്‌ക്വസാണ് തന്റെ ബ്ലാസ്റ്റേഴ്‌സ് സ്നേഹം മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ പ്രകടിപ്പിച്ച ഒരു താരം. കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയുടെ താരമായിരുന്ന അൽവാരോ ഇപ്പോൾ സ്പെയിനിലെ ഒരു ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു.

കഴിഞ്ഞ സീസൺ മാത്രം ബ്ലാസ്റ്റേഴ്‌സിനായി കളിച്ച യുക്രൈൻ താരം ഇവാൻ കലിയുഷ്‌നി മത്സരത്തിന് ശേഷം കെപി രാഹുലിനെ വീഡിയോ കോൾ വിളിച്ചാണ് ആഘോഷങ്ങളിൽ പങ്കു ചേർന്നത്. താരം ടീം ബസിനു പുറത്തു നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു ഇതിനു പുറമെ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന സ്‌പാനിഷ്‌ സെന്റർ ബാക്കായ വിക്റ്റർ മോങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിൽ ഒരിക്കൽ കളിച്ചാൽ ഈ ക്ലബ്ബിനെ പിന്നെ മറക്കാൻ കഴിയില്ലെന്നും ഈ ക്ലബ് ഒരുപാട് താരങ്ങൾക്ക് ഒരു വികാരമായി തുടരുന്നുണ്ടെന്നും ഇത് വ്യക്തമാക്കുന്നു. അതിനുള്ള പ്രധാന കാരണം ഈ ക്ലബിനുള്ള അപാരമായ ആരാധക പിന്തുണ തന്നെയാണ്. ടീമിനായി മികച്ച പ്രകടനം നടത്തുകയും പ്രൊഫെഷണൽ സമീപനം പാലിക്കുകയും ചെയ്യുന്ന എല്ലാ താരങ്ങളെയും നന്നായി സ്വീകരിക്കുന്ന ആരാധകരെ ആർക്കാണ് മറക്കാൻ കഴിയുക.

Former Kerala Blasters Players Celebrate Win