റൊണാൾഡോയെക്കൊണ്ട് ഗോളടിപ്പിക്കാനല്ല പോർച്ചുഗൽ ടീം കളിക്കുന്നതെന്ന് സഹതാരം

ഖത്തർ ലോകകപ്പിന് മികച്ചൊരു താരനിര പോർചുഗലിനുണ്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കേന്ദ്രീകരിച്ചു കളിക്കുന്ന അവരുടെ ശൈലിയിൽ ആരാധകർക്കു പോലും സംശയങ്ങളുണ്ട്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും പോർച്ചുഗൽ ടീമിനും വേണ്ടി അത്ര മികച്ച പ്രകടനമല്ല റൊണാൾഡോ നടത്തിയിരിക്കുന്നത്. എന്നാൽ താരത്തിന് പിന്തുണ നൽകുന്ന സഹതാരം ഡാനിലോ പോർച്ചുഗൽ റൊണാൾഡോയെ കേന്ദ്രീകരിച്ചു കളിക്കുന്നതിനേക്കാൾ ഒരു ടീമെന്ന നിലയിൽ വിജയത്തിനു വേണ്ടി പൊരുതാനാണ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

“റൊണാൾഡോയെ ഒരുപാട് വിൽക്കാൻ കഴിയുമെന്നതിനാൽ തന്നെ വിമർശനവും ഉണ്ടാകും. ഒരുപാട് സംസാരിക്കപ്പെടുന്ന താരമാണ് റൊണാൾഡോ. നല്ലത് ചെയ്‌താലും മോശം ചെയ്‌താലും താരത്തെ ആളുകൾ വിമർശിക്കും. ടീമിനുള്ളിൽ ഇത് വളരെ സ്വാഭാവികമായ ഒരു കാര്യമായാണ് കരുതുന്നത്. ദേശീയ ടീമിലെ പ്രധാനിയാണ് എന്നതിനാൽ തന്നെ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇതു വളരെ സ്വാഭാവികമായ കാര്യമാണ്.”

“ഞങ്ങൾ റൊണാൾഡോക്ക് കൂടുതൽ പന്തുകൾ നൽകും, കൂടുതൽ ഗോളുകൾ നേടാൻ സഹായിക്കും, താരത്തിനും അതു വേണം. റൊണാൾഡോക്ക് വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നതെന്ന സംശയം അതിനാൽ തന്നെ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അത് സത്യമല്ല, ഞങ്ങൾ വിജയം നേടുന്നതിനു വേണ്ടിയാണ് കളിക്കുന്നത്.” പിഎസ്‌ജി താരമായ ഡാനിലോ പെരേര പറഞ്ഞു.

ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി പോർച്ചുഗൽ നാളെ ആഫ്രിക്കൻ ടീമായ നൈജീരിയയെ നേരിടാൻ ഒരുങ്ങുകയാണ്. ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യത്തെ മത്സരം നവംബർ 22നു ഘാനക്കെതിരെയാണ്. യുറുഗ്വായ്, സൗത്ത് കൊറിയ എന്നീ ടീമുകളാണ് പോർച്ചുഗലിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകൾ.