ലോകകപ്പിൽ വമ്പൻ വിവാദം സൃഷ്‌ടിക്കുന്ന തീരുമാനവുമായി ഹോളണ്ട് ദേശീയ ടീം

ഖത്തർ ലോകകപ്പിൽ വലിയ വിവാദം സൃഷ്‌ടിക്കാൻ സാധ്യതയുള്ള തീരുമാനമെടുത്ത് ടൂർണമെന്റിലെ വമ്പന്മാരായ ഹോളണ്ട് ദേശീയ ടീം. പ്രത്യക്ഷത്തിൽ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന ഖത്തറിനെ ഉന്നം വെക്കുന്നതാണ് ഹോളണ്ടിന്റെ തീരുമാനം. അതുകൊണ്ടു തന്നെ അവർ നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങൾക്ക് സങ്കീർണതകൾ നേരിടേണ്ടി വന്നേക്കും.

ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ പോകുന്ന ടീമിന്റെ ജേഴ്‌സികളെല്ലാം ടൂർണമെന്റിനു ശേഷം ലേലത്തിനു വെക്കുമെന്നും അതിൽ നിന്നും ലഭിക്കുന്ന തുക ടൂർണ്ണമെന്റിനായി പണിയെടുത്ത തൊഴിലാളികൾക്ക് നൽകുമെന്നും ഹോളണ്ട് ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം അറിയിച്ചു. ഖത്തർ ലോകകപ്പിനായി പണിയെടുത്ത തൊഴിലാളികൾക്ക് വേണ്ടത്ര പ്രതിഫലം നൽകിയില്ലെന്ന വിമർശനങ്ങൾ നിലനിൽക്കെയാണ് ഈ പദ്ധതിയുമായി ഹോളണ്ട് വന്നിരിക്കുന്നത്.

ലോകകപ്പ് ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചതു മുതൽ വിമർശനങ്ങളും കൂടെയുണ്ട്. ഖത്തർ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും ലോകകപ്പിനായി പണിയെടുത്ത തൊഴിലാളികൾക്ക് അർഹിച്ച പ്രതിഫലം ലഭിച്ചില്ലെന്നും പലരും അപകടത്തിൽപ്പെട്ടു എന്നെല്ലാമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഹോളണ്ടിന്റെ പ്രവൃത്തി ഖത്തറിന് ക്ഷീണമാകുമെന്നതിൽ തർക്കമില്ല.

പാശ്ചാത്യ രാജ്യങ്ങൾ അനാവശ്യമായ വിമർശനമാണ് നടത്തുന്നതെന്നും അതിൽ രാഷ്ട്രീയമുണ്ടെന്നുമാണ് ഖത്തർ ഇതേക്കുറിച്ച് പ്രതികരിച്ചത്. കായിക ടൂർണമെന്റുകളുടെ കുത്തകാവകാശം കയ്യടക്കി വെച്ചിരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളാണ് ഈ വിമർശനങ്ങളുടെ പിന്നിലെന്നാണ് ഖത്തർ പറയുന്നത്.