“യഥാർത്ഥ ഫുട്ബോൾ ആരാധകരാണ് മലയാളികൾ”- വില നൽകി അവരെ വാങ്ങേണ്ട കാര്യമില്ലെന്ന് ഖത്തർ ലോകകപ്പ് സിഇഒ

ലോകകപ്പ് നടക്കാനിരിക്കെ ഖത്തറിൽ അതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന മലയാളികൾ അടക്കമുള്ള ആരാധകരെ ഖത്തർ വിലക്കെടുത്തതാണെന്ന യൂറോപ്യൻ മാധ്യമങ്ങളുടെ വിമർശനങ്ങൾക്ക് മറുപടി നൽകി ലോകകപ്പ് 2022 സിഇഒയായ നാസർ അൽ ഖതർ. മലയാളികൾ യഥാർത്ഥ ഫുട്ബോൾ പ്രേമികളാണെന്നും അവരെ വില കൊടുത്ത് വാങ്ങേണ്ടതിന്റെ യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കം മുതൽ തന്നെ ഖത്തർ ലോകകപ്പിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങൾ വിമർശനങ്ങൾ നടത്തി വരികയാണെന്നും ഖത്തർ ലോകകപ്പ് മികച്ച രീതിയിൽ നടത്തി അതിനു മറുപടി നൽകാനാണ് ഉദ്ധേശമെന്നും അദ്ദേഹം പറഞ്ഞു. ആരാധകരെ വില കൊടുത്തു വാങ്ങിയതിനെ പറ്റി പറയുമ്പോഴാണ് കേരളത്തിലെ ആരാധകരെ കുറിച്ച് അദ്ദേഹം കൃത്യമായി പരാമർശിച്ചത്. മലയാളികൾക്ക് അഭിമാനം നൽകുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

കേരളത്തിൽ ഫുട്ബോളാണ് പ്രധാനപ്പെട്ട സ്പോർട്ടെന്നും നിരവധി മലയാളികൾ ഖത്തറിൽ പ്രൊഫെഷണൽ ഫുട്ബോൾ ടൂർണമെന്റുകൾ വലിയ പിന്തുണയോടെയും സ്‌പോൺസർഷിപ്പ് ലഭിച്ചതും നടത്തുന്നുണ്ടെന്നും അൽ ഖതർ വ്യക്തമാക്കി. അത്തരത്തിലുള്ള ആരാധകരെ ഒരിക്കലും വില കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ലെന്നും അറിയിച്ച അദ്ദേഹം ഇതിനു മുൻപ് നടന്ന അറബ് കപ്പിലും മലയാളികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടി.

ഇവിടെ വന്ന് ജോലി ചെയ്യുന്നവർ ഈ നാടിനായി പ്രവർത്തിക്കുന്നവരാണെന്നും അവരെ വില കൊടുത്തു വാങ്ങിയെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണത്തെ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഈ സംഭവത്തോടെ ഖത്തറിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങൾ ഉയർത്തിയ വിമർശനങ്ങളെല്ലാം ശരിയല്ലെന്ന ധാരണ നിരവധി പേർക്ക് വന്നിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

fpm_start( "true" ); /* ]]> */