ലയണൽ മെസിയും എർലിങ് ഹാലൻഡുമല്ല, അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം നേടാനർഹൻ എംബാപ്പെയാണെന്ന് ദെഷാംപ്‌സ് | Ballon Dor

ഫുട്ബോൾ ആരാധകർ ഇപ്പോൾ സജീവമായി ചർച്ച ചെയ്യുന്ന കാര്യമാണ് അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ അർഹതയുള്ള താരം ആരാണെന്നത്. ഖത്തർ ലോകകപ്പ് വിജയം നേടിയതിനു പിന്നാലെ ലയണൽ മെസി അടുത്ത ബാലൺ ഡി ഓർ നേടുമെന്നാണ് ഏവരും പറഞ്ഞിരുന്നതെങ്കിലും യൂറോപ്പിലും ഇംഗ്ലണ്ടിലും മാഞ്ചസ്റ്റർ സിറ്റി നടത്തിയ അസാമാന്യ കുതിപ്പ് അതിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗും എഫ്എ കപ്പും നിലവിൽ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അവർ വിജയിച്ചാൽ ഹാലാൻഡ് ബാലൺ ഡി ഓറിനു സാധ്യതയുള്ള താരങ്ങളിൽ മുന്നിൽ തന്നെയുണ്ടാകും. ഫുട്ബോൾ ലോകം ഈ രണ്ടു താരങ്ങളിൽ ആരാകും ബാലൺ ഡി ഓർ നേടുകയെന്ന ചർച്ച നടത്തുമ്പോൾ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്‌സ് എംബാപ്പെയാണ് പുരസ്‌കാരത്തിന് അർഹനെന്ന വ്യത്യസ്‌തമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുന്നതിനിടെയുള്ള യെസ് ഓർ നോ സെഷനിലാണ് ബാലൺ ഡി ഓർ എംബാപ്പയാണ് അർഹിക്കുന്നതെന്ന് ദെഷാംപ്‌സ് പറഞ്ഞത്. അതിനു പുറമെ പിഎസ്‌ജി താരം ഫ്രാൻസ് ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന ജിറൂദിന്റെ റെക്കോർഡ് തകർക്കുമെന്നും ദെഷാംപ്‌സ് പറഞ്ഞു. എംബാപ്പയെ ഫ്രാൻസിന്റെ നായകനാക്കാനുള്ള സാധ്യതയും ദെഷാംപ്‌സ് വെളിപ്പെടുത്തി.

ദെഷാംപ്‌സിന്റെ അഭിപ്രായം ഇങ്ങിനെയാണെങ്കിലും എംബാപ്പെ ബാലൺ ഡി ഓറിൽ മൂന്നാം സ്ഥാനത്തു പോലും വരാനുള്ള സാധ്യത കുറവാണ്. മെസി വിജയിച്ചാൽ ഹാലൻഡും ഹാലാൻഡ് വിജയിച്ചാൽ മെസിയുമാവും രണ്ടാം സ്ഥാനത്ത് വരുന്നുണ്ടാവുക. മൂന്നാം ഇവരെ മറികടന്ന് ലൗടാരോ മാർട്ടിനസ് പുരസ്‌കാരം നേടാനും ചെറിയ സാധ്യതയുണ്ട്. ഈ മൂന്നു താരങ്ങളാകും ആദ്യ മൂന്നു സ്ഥാനങ്ങളിൽ വരുന്നുണ്ടാവുക.

Deschamps Believes Mbappe Deserves Ballon Dor