എംഎസ്എൻ ത്രയം വീണ്ടുമൊരുമിച്ചു, ഒരിക്കലും പിരിക്കാനാവാത്ത കൂട്ടുകെട്ടെന്ന് ആരാധകർ | Lionel Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരയെ എടുത്തു നോക്കിയാൽ അതിൽ മുന്നിലുണ്ടാകും ലയണൽ മെസി, നെയ്‌മർ, ലൂയിസ് സുവാരസ് കൂട്ടുകെട്ട്. ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു എന്നതിനൊപ്പം ഈ മൂന്നു താരങ്ങളും കളിക്കളത്തിലും പുറത്തും വലിയ സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം ഇപ്പോഴും അതുപോലെ തുടരുന്നുണ്ടെന്നതും എല്ലാവർക്കുമറിയാം.

ഈ മൂന്ന് താരങ്ങളും പരസ്‌പരം തങ്ങളുടെ സ്നേഹം പങ്കുവെക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം കണ്ടത്. കഴിഞ്ഞ ദിവസം പിഎസ്‌ജി വിടുന്ന ലയണൽ മെസിക്ക് നെയ്‌മർ സന്ദേശം നൽകിയപ്പോൾ അതിനു അർജന്റീന താരവും ലൂയിസ് സുവാരസും മറുപടി നൽകിയിരുന്നു. ഈ മൂന്നു താരങ്ങളും കരിയറിൽ പല ക്ലബുകളിലേക്ക് മാറിപ്പോകുമ്പോഴും അവർക്കിടയിലുള്ള സ്നേഹബന്ധം അങ്ങിനെ തന്നെ നിലനിൽക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

“സഹോദരാ. നമ്മൾ വിചാരിച്ച പോലെ നടന്നില്ലെങ്കിലും പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. 2 വർഷം കൂടി നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” തന്റെ കരിയറിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന മെസിക്ക് ആശംസകൾ നേരുകയും സന്തോഷവാനായിരിക്കാൻ ആശംസിക്കുകയുംചെയ്‌ത നെയ്‌മർ ലയണൽ മെസിയോടുള്ള സ്നേഹവും വെളിപ്പെടുത്തി.

പോസ്റ്റിന് മെസിയുടെ മറുപടി ഇങ്ങിനെയായിരുന്നു “നന്ദി നെയ്‌മർ! എല്ലാത്തിനും അപ്പുറം നമ്മൾ ഒരുമിച്ച് കളിച്ചതും ദിവസങ്ങൾ ഒന്നായി പങ്കിടുന്നതും ഞാൻ ആസ്വദിച്ചു. നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു. നീ വളരെ മനോഹരമായ വ്യക്തിയാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു നെയ്‌മർ”

അപ്പോഴാണ് സുവാരസിന്റെ മറുപടി വന്നത്. “എന്തൊരു മനോഹരമായ സന്ദേശം മെസി. നെയ്‌മർക്കൊപ്പം നിങ്ങളെ വീണ്ടും കണ്ടതിൽ വളരെ സന്തോഷമുണ്ട്. എല്ലാ കാര്യങ്ങളിലും എപ്പോഴും പരസ്‌പരം പിന്തുണയ്ക്കുന്ന, പരസ്‌പരം പുലർത്തുന്ന സ്നേഹവുമാണ് മനോഹരം! ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു സുഹൃത്തുക്കളെ.” ഉറുഗ്വേൻ താരം എഴുതി.

പിഎസ്‌ജി വിടുന്ന ലയണൽ മെസി ഏതു ക്ലബിലേക്കാണ് ഇനി ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം മെസിക്ക് ആശംസകൾ നൽകിയ നെയ്‌മറും ക്ലബ് വിടാനാണ് സാധ്യത. സുവാരസിപ്പോൾ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലാണ് കളിക്കുന്നത്.

Lionel Messi Suarez Replied Neymar Message