ബംഗാൾ കടുവയിനി കേരളത്തിന്റെ കൊമ്പൻ, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിന് അതിഗംഭീര വരവേൽപ്പ് | Kerala Blasters

തിരിച്ചടികളെ മറികടക്കാൻ അടുത്ത സീസണിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ തന്നെ ആറു താരങ്ങൾ ക്ലബ് വിട്ടപ്പോൾ രണ്ടു സൈനിംഗുകൾ ക്ലബ് നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരം ജോഷുവ, ഒരൊറ്റ സീസൺ കളിച്ചതിനു ശേഷം ബെംഗളൂരു വിട്ട ഇന്ത്യൻ ഫുൾ ബാക്കായ പ്രബീർ ദാസ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

പ്രബീർ ദാസിന്റെ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചതിനു ശേഷം ഗംഭീര വരവേൽപ്പാണ് താരത്തിന് ആരാധകരിൽ നിന്നും മറ്റും ലഭിക്കുന്നത്. മഞ്ഞപ്പട, 12th മാൻ തുടങ്ങിയ ആരാധകക്കൂട്ടങ്ങളെല്ലാം മികച്ച സൈനിങായാണ് പ്രബീർ ദാസിനെ വാഴ്ത്തുന്നത്. പ്രതിരോധത്തിൽ വളരെ മികച്ച നിൽക്കുന്ന താരം ആക്രമണത്തിലും ഗംഭീര പ്രകടനം നടത്തുമെന്നും ടോപ് സൈനിങാണെന്നും ആരാധകർ പറയുന്നു.

ബംഗാൾ കടുവ ഇനി കേരളത്തിന്റെ കൊമ്പനെന്നാണ് ഒരു ആരാധകപ്പട കുറിച്ചത്. അതിനു പുറമെ പ്രബീർ ദാസിന് മലയാളിപ്പേരും ആരാധകർ നൽകിയിട്ടുണ്ട്. ദാസേട്ടനെന്നാണ് സോഷ്യൽ മീഡിയയിപ്പോൾ ബംഗാൾ താരത്തെ വിളിക്കുന്നത്. ആരാധകർ വളരെ സ്നേഹത്തോടെ വരവേൽക്കുന്ന താരത്തിന് ക്ലബിനോടുള്ള താൽപര്യം കൊണ്ടു തന്നെയാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയിരിക്കുന്നത്.

ഇന്ത്യൻ ആരോസ്, ഡെംപോ, എഫ്‌സി ഗോവ, മോഹൻ ബഗാൻ, ബെംഗളൂരു എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് പ്രബീർ ദാസ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ഇത്രയും ക്ലബുകൾക്ക് വേണ്ടി 199 മത്സരങ്ങൾ കളിച്ച താരം രണ്ടു ഐഎസ്എൽ, ഒരു ഐ ലീഗ്, ഒരു ഫെഡറേഷൻ കപ്പ്, ഒരു ഡ്യൂറന്റ് കപ്പ് എന്നിവയടക്കം അഞ്ചു കിരീടങ്ങൾ ടീമിനായി സ്വന്തമാക്കിയിട്ടുണ്ട്.

Kerala Blasters Fans Welcome Prabir Das