ബാഴ്‌സലോണ ആരാധകർക്ക് ആഘോഷങ്ങൾ ആരംഭിക്കാം, ഇതിഹാസത്തിന്റെ തിരിച്ചുവരവിനുള്ള സമയമായി

ഖത്തർ ലോകകപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നിരുന്നു. അതിനു ശേഷം ലയണൽ മെസി എന്തായാലും ബാഴ്‌സലോണയിലേക്ക് എത്തുമെന്ന രീതിയിലേക്ക് അത് വളർന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അക്കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ അതിനെയെല്ലാം ഇല്ലാതാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

റെലെവോയുടെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ മുന്നോട്ടു വെച്ച പദ്ധതിക്ക് ലാ ലിഗ അംഗീകാരം നൽകിയിട്ടുണ്ട്. ഇതുവരെ ലയണൽ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാൻ ബാഴ്‌സലോണക്ക് തടസമായിരുന്നത് ലാ ലിഗയുടെ അനുമതി വൈകുന്നതായിരുന്നു. ഇന്ന് ലാ ലിഗ നേതൃത്വം നടത്തിയ യോഗത്തിലാണ് ബാഴ്‌സലോണ മുന്നോട്ടു വെച്ച പദ്ധതിക്ക് അംഗീകാരം നൽകാൻ തീരുമാനമെടുത്തത്.

ലാ ലിഗ അനുമതി നൽകാൻ വൈകുന്നതിനാൽ ലയണൽ മെസി മറ്റു ക്ലബുകളുടെ ഓഫർ പരിഗണിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സൗദി അറേബ്യയിൽ നിന്നും റെക്കോർഡ് തുകയുടെ ഓഫർ വന്നുവെന്നും താരം അത് സ്വീകരിക്കാൻ തയ്യാറായെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ബാഴ്‌സലോണക്ക് വേണ്ടി കുറച്ചുകൂടി കാത്തിരിക്കാൻ ലയണൽ മെസി തയ്യാറായത് താരത്തിന്റെ തിരിച്ചുവരവിലേക്ക് നയിച്ചിരിക്കുകയാണ്.

ലാ ലിഗ ഔദ്യോഗികമായ അറിയിപ്പ് നൽകുന്നതോടെ ലയണൽ മെസിക്ക് ബാഴ്‌സലോണ ഓഫർ നൽകും. എത്ര വർഷത്തെ കരാറാണ് താരം ക്ലബുമായി ഒപ്പിടുകയെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. എന്തായാലും രണ്ടു വർഷത്തിന് ശേഷം തന്റെ സ്വന്തം ക്ലബായ ബാഴ്‌സയിലേക്ക് ലയണൽ മെസി തിരിച്ചു വരുന്നത് ആഘോഷത്തോടെ തന്നെ കൊണ്ടാടാൻ ഒരുങ്ങുകയാണ് താരത്തിന്റെയും ക്ലബ്ബിന്റെയും ആരാധകർ.

La Liga Approved Barcelona Plan For Lionel Messi Return