തോളോടു തോൾ ചേർന്നു കളിച്ചവർ ഇനി നേർക്കുനേർ, സൗദി ലീഗിൽ ഇനി തീപാറും പോരാട്ടം | Karim Benzema

ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ റയൽ മാഡ്രിഡ് വിട്ടു കരിം ബെൻസിമയും സൗദി അറേബ്യൻ ലീഗിലേക്ക്. കഴിഞ്ഞ ദിവസമാണ് താരം റയൽ മാഡ്രിഡ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2009ൽ ടീമിലെത്തിയ താരം പതിനാലു വർഷം നീണ്ട കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയതിനു ശേഷമാണ് റയൽ മാഡ്രിഡ് വിട്ടത്.

ഒരു വർഷം കൂടി റയൽ മാഡ്രിഡുമായി കരാർ ബാക്കിയുള്ള കരിം ബെൻസിമ അടുത്ത സീസണിലും തുടരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സൗദിയിൽ നിന്നും വമ്പൻ ഓഫർ വന്നതോടെ താരം നിലപാട് മാറ്റുകയായിരുന്നു. ഇപ്പോൾ താരം സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിലേക്ക് മൂന്നു വർഷത്തെ കരാറിൽ താരം ചേക്കേറിയെന്നാണ് റിപ്പോർട്ടുകൾ. ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം സൗദിയുടെ ഓഫർ സ്വീകരിക്കുന്നതോടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളിൽ ഒരാളായി ബെൻസിമ മാറും. ഏതാണ്ട് ഇരുനൂറു മില്യൺ യൂറോയാണ് ഒരു സീസണിൽ ഫ്രഞ്ച് താരത്തിന് അൽ ഇത്തിഹാദ് പ്രതിഫലമായി നൽകാൻ ഒരുങ്ങുന്നത്. ഇതിനു പുറമെ മറ്റനേകം വാഗ്‌ദാനങ്ങളും കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ ജേതാവിനു നൽകിയിട്ടുണ്ട്.

റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചിരുന്ന റൊണാൾഡോയും ബെൻസിമയും അടുത്ത സീസണിൽ നേർക്കുനേർ വരാൻ പോവുകയാണെന്ന പ്രത്യേകത കൂടിയുണ്ട്. ഈ സീസണിൽ സൗദി ലീഗ് കിരീടം നേടിയ അൽ ഇത്തിഹാദിനൊപ്പം അത് നിലനിർത്താൻ ബെൻസിമ ഇറങ്ങുമ്പോൾ അൽ നസ്റിന് കിരീടം നേടിക്കൊടുക്കാനാണ് റൊണാൾഡോ ഇറങ്ങുന്നത്. എന്തായാലും ലോകത്തിന്റെ ശ്രദ്ധ സൗദി ലീഗിലേക്ക് തിരിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Karim Benzema Ronaldo Will Face Each Other Saudi Arabia