ലയണൽ മെസിയുടെ കരുത്ത് പിഎസ്‌ജി അറിയുന്നു, ഫ്രഞ്ച് ക്ലബിൽ നിന്നും വമ്പൻ കൊഴിഞ്ഞുപോക്ക് | Lionel Messi

കഴിഞ്ഞ ദിവസമാണ് ലയണൽ മെസി പിഎസ്‌ജിക്കു വേണ്ടി അവസാനത്തെ മത്സരം കളിച്ചത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ക്ലബ് വിട്ട താരം രണ്ടു വർഷമായി ഫ്രഞ്ച് ക്ലബിനൊപ്പമായിരുന്നു. ഈ സീസണോടെ കരാർ അവസാനിച്ച ലയണൽ മെസി അത് പുതുക്കാൻ തയ്യാറാകാതെയാണ് ക്ലബിൽ നിന്നും വിടപറയുന്നത്.

ലയണൽ മെസി ക്ലബ് വിടാൻ പിഎസ്‌ജി ആരാധകരിൽ ഒരു വിഭാഗം കാരണമായിട്ടുണ്ടെന്നതിൽ സംശയമില്ല. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ അർജന്റീന തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയതിനു ശേഷം മെസിക്കെതിരെ ആരാധകരിൽ ഒരു വിഭാഗം തിരിഞ്ഞിരുന്നു. ഇനിയും ഫ്രാൻസിൽ തുടർന്നാൽ ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വരും എന്നതു കൊണ്ടു കൂടിയാണ് മെസി ക്ലബ് വിട്ടത്.

ലയണൽ മെസി ക്ലബ് വിട്ടതിന്റെ പ്രതിഫലനം പിഎസ്‌ജിയിൽ കാണാനുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി ക്ലബ് വിട്ടതിനു പിന്നാലെ ക്ലബിൽ നിന്നും ആരാധകർ കൊഴിഞ്ഞു പോകാൻ തുടങ്ങിയിട്ടുണ്ട്. ലയണൽ മെസി കഴിഞ്ഞ ദിവസം ക്ലബ് വിട്ടതിനു ശേഷം പിഎസ്‌ജി ക്ലബിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും ഇതുവരെ ഒന്നര ദശലക്ഷത്തിലധികം ആളുകളാണ് കൊഴിഞ്ഞു പോയിരിക്കുന്നത്.

ലയണൽ മെസിയെ പിഎസ്‌ജി നല്ല രീതിയിലല്ല കൈകാര്യം ചെയ്‌തതെന്ന്‌ ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. അതുകൊണ്ടു തന്നെ താരം ക്ലബ് വിട്ടതിനു ശേഷം മെസി ആരാധകരുടെ ഈ കൊഴിഞ്ഞു പോക്ക് ക്ലബിനെതിരായ പ്രതിഷേധം കൂടിയാണ്. രണ്ടു സീസണിൽ പിഎസ്‌ജിക്കായി കളിച്ച മെസി 32 ഗോളും 35 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു ലീഗുൾപ്പെടെ മൂന്നു കിരീടങ്ങളും താരം നേടി.

More Than One Million Lionel Messi Fans Already Unfollowed PSG