മെസിയും താനും അർജന്റീന ടീമിൽ എത്ര കാലം കൂടിയുണ്ടാകും, ഏഞ്ചൽ ഡി മരിയ പറയുന്നു
2014 ലോകകപ്പിന്റെ ഫൈനൽ കളിച്ച് പരാജയപ്പെട്ട അർജന്റീന ടീമിലെ രണ്ടു താരങ്ങൾ മാത്രമാണ് 2022 ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്നത്. ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. ഈ രണ്ടു താരങ്ങളും ഇത്തവണ അർജന്റീനക്ക് കിരീടം സ്വന്തമാക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. ലയണൽ മെസി ടൂർണമെന്റിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയപ്പോൾ ഫൈനലിൽ സംഹാരരൂപം പൂണ്ട ഡി മരിയ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്തു.
ഖത്തർ ലോകകപ്പിന് ശേഷം ഈ രണ്ടു താരങ്ങളും ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അർജന്റീന ലോകകപ്പ് നേടിയതോടെ രണ്ടു പേരും ദേശീയ ടീമിനൊപ്പം തുടരാനാണ് തീരുമാനിച്ചത്. ലോകകപ്പ് ജേതാവായി ഇനിയും കളിക്കുകയെന്നാണ് ഇരുവരുടെയും ലക്ഷ്യം. കഴിഞ്ഞ ദിവസം അർജന്റീന ടീമിനൊപ്പം താനും ലയണൽ മെസിയും എത്ര കാലം തുടരുമെന്നതിനെ കുറിച്ച് ഡി മരിയ സംസാരിച്ചു.
“ഞാൻ അടുത്ത ലോകകപ്പ് സ്വപ്നം കാണുന്നില്ല, അടുത്ത കോപ്പ അമേരിക്കയിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി ഞാൻ സാധ്യമായതെല്ലാം ചെയ്യും, അവിടെ കളിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ലിയോ അടുത്ത ലോകകപ്പിൽ ഉണ്ടാകും, ഉറപ്പാണ്. അവൻ ലിയോയാണ്. ഏഴു ബാലൺ ഡി ഓർ നേട്ടങ്ങൾ, ചാമ്പ്യൻസ് ലീഗ്, എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി. മെസി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്.” ഡി മരിയ പറഞ്ഞു.
Di Maria to ESPN 🗣️ : "Messi should play at the World Cup 2026. He is the best player in the history!" 🇦🇷❤️ pic.twitter.com/7L7qx8SXLu
— Team Leo (@TeamLeo10i) February 17, 2023
2024ലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത് എന്നതിനാൽ ഫോമിൽ തുടർന്നാൽ രണ്ടു താരങ്ങൾക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയുമെന്നതിൽ സംശയമില്ല. അതേസമയം ഈ രണ്ടു താരങ്ങളും അടുത്ത ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. ലയണൽ മെസി അടുത്ത ലോകകപ്പിലും ഉണ്ടാകണമെന്നാണ് ആരാധകരും താരങ്ങളും ആഗ്രഹിക്കുന്നതെങ്കിലും അതിനു തനിക്ക് കഴിയുമെന്നുറപ്പിക്കാനാവില്ലെന്നാണ് മെസി തന്നെ പറയുന്നത്.