പിഎസ്‌ജി വിടാനൊരുങ്ങുന്ന നെയ്‌മറെ സ്വന്തമാക്കാൻ കടുത്ത പോരാട്ടം, പ്രീമിയർ ലീഗിൽ നിന്നു മാത്രം അഞ്ചു ക്ലബുകൾ രംഗത്ത്

2017ൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ഓരോ ട്രാൻസ്‌ഫർ ജാലകത്തിലും നെയ്‌മറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയരാറുണ്ട്. എന്നാൽ ഇതുവരെയും താരത്തെ വിട്ടുകൊടുക്കാൻ ഫ്രഞ്ച് ക്ലബ് തയ്യാറായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അതിനു മാറ്റമുണ്ടാകുമെന്ന് തന്നെയാണ് കരുതേണ്ടത്. താരത്തെ വിട്ടുകൊടുക്കാൻ പിഎസ്‌ജിയും ഫ്രഞ്ച് ക്ലബ് വിടാൻ നെയ്‌മറും തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്ടുകൾ.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം തന്നെയാണ് നെയ്‌മറുടെ ഭാഗത്തു നിന്നും ഉണ്ടായതെങ്കിലും പരിക്കുകൾ താരത്തിന് വലിയ തിരിച്ചടി നൽകിയിരുന്നു. ഇതിനു പുറമെ കളിക്കളത്തിലും പുറത്തും വിവാദങ്ങളും നെയ്‌മറെ പിന്തുടർന്നു. ഈ സീസണിന്റെ തുടക്കത്തിൽ നെയ്‌മർ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ലോകകപ്പിന് ശേഷം ഫോം മങ്ങിയിട്ടുണ്ട്. അതിനു പുറമെ കഴിഞ്ഞ ലീഗ് മത്സരത്തിന് ശേഷം പിഎസ്‌ജി ഡയറക്റ്റർ അടക്കമുള്ളവരുമായി കയർത്തതിനെ തുടർന്നാണ് നെയ്‌മർ ക്ലബ് വിടാനുള്ള സാധ്യതകളേറിയത്.

നേരത്ത ചെൽസി മാത്രമാണ് താരത്തിനായി രംഗത്തു വന്നിരുന്നതെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. നെയ്‌മർ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണെന്ന് മനസിലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബുകളും താരത്തെ സ്വന്തമാക്കാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. നെയ്‌മറുടെ പ്രതിനിധികളുമായി ഇവർ കൂടിക്കാഴ്‌ച നടത്തിയെന്നും താരത്തിനും പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

222 മില്യൺ യൂറോയെന്ന റെക്കോർഡ് തുക മുടക്കിയാണ് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയതെങ്കിലും താരത്തെ ഒഴിവാക്കാനുള്ള താൽപര്യം കാരണം ട്രാൻസ്‌ഫർ ഫീസ് അവർ കുറച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 60 മുതൽ 80 യൂറോ വരെയുള്ള തുകയാണ് അവർ നെയ്‌മർക്കായി പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രീമിയർ ലീഗ് ക്ലബുകൾ താൽപര്യം കാണിക്കുന്നതും. ഇനിയും കുറച്ച് വർഷങ്ങൾ കൂടി താരത്തിൽ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.