“ചരിത്രത്തിലെ ഏറ്റവും മികച്ച താരം ടീമിലുള്ളപ്പോഴാണ് പിഎസ്‌ജി എംബാപ്പെക്ക് അധികാരം നൽകിയത്”- ഡി മരിയ പറയുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ടീമിലെ ഏറ്റവും മികച്ച താരമായി മാറാൻ ഡി മരിയക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസൺ അവസാനിക്കുന്നത് വരെയും ടീമിനൊപ്പം ഉണ്ടായിരുന്ന താരം ഇക്കാലയളവിൽ പിഎസ്‌ജി സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളിലും പ്രധാന പങ്കു വഹിച്ചു. ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ടീമിനെ നയിക്കാനും അർജന്റീന താരത്തിന് കഴിഞ്ഞിരുന്നു.

എന്നാൽ പിഎസ്‌ജി ടീമിൽ നിന്നും ഡി മരിയ വിടവാങ്ങിയത് അത്ര സുഖകരമായ രീതിയിലല്ല. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ കരാർ അവസാനിച്ച താരത്തിന് അത് പുതുക്കി നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. റയൽ മാഡ്രിഡിനെ തഴഞ്ഞ് പിഎസ്‌ജി കരാർ പുതുക്കി ടീമിന്റെ അധികാരകേന്ദ്രമായി മാറിയ എംബാപ്പയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എംബാപ്പെക്ക് അധികാരം നൽകിയതിനെക്കുറിച്ച് ഡി മരിയ സംസാരിച്ചു.

“ഫ്രാൻസ് മൊത്തത്തിൽ എംബാപ്പെക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അവിടെയുള്ള ജനങ്ങളും, പ്രസിഡന്റും, പിഎസ്‌ജിയുമെല്ലാം അതിലുൾപ്പെടുന്നു. താരം ക്ലബ് വിടുമെന്ന സാഹചര്യം വന്നപ്പോൾ ടീമിലെ മറ്റൊരാൾക്കും നൽകാത്ത അധികാരമാണ് അവർ എംബാപ്പെക്ക് നൽകിയത്. എന്നാൽ അതിലൊരു വലിയ വ്യത്യാസമുണ്ട്, അവർ എംബാപ്പെക്ക് എല്ലാ അധികാരവും നൽകിയത് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസി ഒപ്പം നിൽക്കുമ്പോഴാണ്.” ഡി മരിയ പറഞ്ഞു.

അതേസമയം തന്റെ മുൻ സഹതാരത്തെയും പിഎസ്‌ജി ക്ലബിനെയും ഡി മരിയ കുറ്റപ്പെടുത്തുകയൊന്നും ചെയ്‌തില്ല. എംബാപ്പെക്ക് അധികാരം നൽകിയത് താരം ഫ്രാൻസിൽ തന്നെ ജനിച്ച് ഒരു ലോകകപ്പ് നേടിയത് കൊണ്ടും വലിയൊരു കരിയർ മുന്നിലുള്ളത് കൊണ്ടാണെന്നുമാണ് ഡി മരിയ പറയുന്നത്. താൻ പിഎസ്‌ജിയിൽ കളിക്കുന്ന സമയത്ത് എംബാപ്പെ നല്ല പയ്യനായിരുന്നുവെന്നും ഇപ്പോഴും താരം ഒരുപാടൊന്നും മാറിയിട്ടില്ലെന്നും ഡി മരിയ വെളിപ്പെടുത്തി.