ബ്ലാസ്റ്റേഴ്‌സ് തന്നത് അസാധാരണ അനുഭവം, ഗോളടിച്ചു കൂട്ടാൻ സൂപ്പർതാരം ടീമിൽ തുടരും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും നിരവധി താരങ്ങൾ കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട് എന്ന വാർത്തകൾക്കിടെ ആരാധകർക്ക് ആശ്വാസമായി ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കൊസ് ക്ലബുമായി കരാർ പുതുക്കി. ഇക്കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്ന താരം ഒരു വർഷത്തേക്കാണ് കരാർ നീട്ടിയത്. ഇതോടെ അടുത്ത സീസണിലും ഗോളുകൾ അടിച്ചു കൂട്ടാൻ മുപ്പതുകാരനായ താരം കൊമ്പന്മാർക്കൊപ്പം ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്.

ലീഗിലും സൂപ്പർകപ്പിലുമായി ഇരുപത്തിനാല് മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു ഗോളുകളാണ് ദിമി ഇക്കഴിഞ്ഞ സീസണിൽ നേടിയത്. ഗ്രീസ് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം സ്വന്തം രാജ്യത്തിന് പുറമെ ജർമനി, ക്രൊയേഷ്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളിൽ കളിച്ചതിനു ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തു തട്ടാനെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിലെ ആദ്യത്തെ സീസൺ തന്നെ മികച്ചതാക്കാൻ കഴിഞ്ഞ താരം പുതിയ കരാർ അർഹിച്ചതു തന്നെയാണ്.

“ഇന്ത്യയും കേരള ബ്ലാസ്റ്റേഴ്‌സും എനിക്ക് അസാധാരണമായ അനുഭവമായിരുന്നു. കഴിഞ്ഞ സീസണിലെ എന്റെ വിജയം സഹതാരങ്ങളും കോച്ചിങ് സ്റ്റാഫുകളും ടീം മാനേജ്‌മെന്റും നൽകിയ പിന്തുണയുടെ കൂടി ഭാഗമായാണ്. അതുകൊണ്ടു തന്നെ കരാർ പുതുക്കാനുളള തീരുമാനമെടുക്കാൻ എനിക്കും കുടുംബത്തിനും വളരെ എളുപ്പമായിരുന്നു. അടുത്ത സീസണിൽ തിരിച്ചു വരാനും ക്ലബിനും ആരാധകർക്കും വേണ്ടി മികച്ച പ്രകടനം നടത്താനും ഞാൻ ആഗ്രഹിക്കുന്നു.” ദിമി പറഞ്ഞു.

അടുത്ത സീസണിൽ തന്റെ പദ്ധതികളിൽ ഗ്രീക്ക് താരത്തിന് സ്ഥാനമുണ്ടെന്ന് കരാർ പുതുക്കിയതിലൂടെ പരിശീലകനായ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കുക കൂടിയാണ് ചെയ്‌തത്‌. ഈ സീസണിൽ ലീഗിലെ ഗോൾവേട്ടക്കാരിൽ ഏഴാം സ്ഥാനത്തുള്ള താരത്തിന് ടീമിന് കിരീടമൊന്നും നേടിക്കൊടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഐഎസ്എല്ലിൽ ഒരു സീസൺ കളിച്ചതിന്റെ പരിചയവുമായി താരം അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Dimitrios Diamantakos Signs New Contract With Kerala Blasters