അർജന്റീന താരങ്ങളുടെ തകർപ്പൻ പ്രകടനം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബ്രൈറ്റൻ | Mac Allister

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബ്രൈറ്റൻ. സ്വന്തം മൈതാനത്ത് ബ്രൈറ്റൻ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന ഒരേയൊരു ഗോളിലാണ് അവർ വിജയം നേടിയത്. തോൽവിയോടെ പ്രീമിയർ ലീഗിൽ ടോപ് ഫോർ നേട്ടത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെറിയ ഭീഷണി നേരിടുമ്പോൾ ബ്രൈറ്റണു ടോപ് ഫോറിലെത്താൻ കഴിയുമെന്ന ചെറിയ പ്രതീക്ഷ വന്നിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ അർജന്റീന താരമായ അലക്‌സിസ് മാക് അലിസ്റ്ററാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഭീഷണി ഉയർത്തിയത്. തൊണ്ണൂറ് മിനുട്ടും കളിക്കളത്തിലുണ്ടായിരുന്ന താരമാണ് ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ടീമിന്റെ വിജയഗോൾ നേടിയത്. ഇതിനു പുറമെ മത്സരത്തിൽ മൂന്നു കീ പാസുകൾ നൽകിയ താരം അതിനൊപ്പം തന്നെ പ്രതിരോധത്തിലും വലിയ സംഭാവനകൾ നൽകുകയുണ്ടായി.

ബ്രൈറ്റണിൽ കളിക്കുന്ന അർജന്റീനയുടെ യുവതാരമായ ഫാക്കുണ്ടോ ബുവണനോട്ടെയും മത്സരത്തിൽ മികച്ച പ്രകടനം നടത്തി. അറുപത്തിമൂന്ന് മിനുട്ട് മാത്രം കളിക്കളത്തിൽ ഉണ്ടായിരുന്ന താരം പരിക്ക് പറ്റിയതിനെ തുടർന്നാണ് പിൻവലിക്കപ്പെട്ടത്. താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു പോയില്ലെങ്കിൽ ബ്രൈറ്റണിന്റെ വിജയം ഒന്നുകൂടി നേരത്തെ ആകുമായിരുന്നു. വെറും പതിനെട്ടു വയസ് മാത്രമുള്ള താരം പ്രീമിയർ ലീഗിൽ തനിക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് തെളിയിക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിൽ മാക് അലിസ്റ്ററെ റാഷ്‌ഫോഡ് നട്ട്മെഗ് ചെയ്‌തതിന്റെ വീഡിയോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മത്സരത്തിന് മുൻപ് പോസ്റ്റ് ചെയ്‌തിരുന്നു. അതെ അലിസ്റ്റർ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവിയും സമ്മാനിച്ചു. 33 മത്സരങ്ങളിൽ നിന്നും 63 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ 34 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി ലിവർപൂൾ പിന്നിലുണ്ട്. അതേസമയം ബ്രൈറ്റൻ 32 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി ആറാം സ്ഥാനത്താണ്. ബ്രൈറ്റണ് ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ നേരിടാനുള്ളത് ഈ ടീമുകൾക്ക് പ്രതീക്ഷയാണ്.

Mac Allister Goal Helped Brighton To Beat Man Utd