തോൽവിയിലും ഞങ്ങൾക്കൊപ്പം അവർ നിന്നു, അടുത്ത സീസണിൽ കിരീടം നേടുമെന്ന് ഡയമന്റക്കൊസ് | Kerala Blasters

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമന്റക്കൊസ്. ഇന്ത്യയിലെ ആദ്യത്തെ സീസണിൽ തന്നെ ക്ലബിന്റെ ടോപ് സ്കോററായി മാറാൻ താരത്തിന് കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ ടോപ് സ്കോററായ ഡീഗോ മൗറീഷ്യയോ പന്ത്രണ്ടു ഗോളുകൾ നേടിയപ്പോൾ ലീഗിൽ പത്ത് ഗോളുകൾ നേടാൻ ദിമിക്ക് കഴിഞ്ഞുവെന്നത് ഒരു വലിയ നേട്ടം തന്നെയാണ് സൂപ്പർ ലീഗിലും സൂപ്പർ കപ്പിലുമായി പന്ത്രണ്ടു ഗോളും മൂന്ന് അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്.

സീസൺ അവസാനിച്ചതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് നിർണായകമായ നീക്കം നടത്തി ഗ്രീക്ക് താരവുമായി കരാർ പുതുക്കി. ഇതോടെ മുപ്പതുകാരനായ താരം അടുത്ത സീസണിൽ കൂടി ക്ലബിനൊപ്പം ഉണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തിയ താരം അടുത്ത സീസണിൽ കൂടുതൽ മികവ് കാണിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലബിനോട് സംസാരിക്കുമ്പോൾ ഇതേക്കുറിച്ച് താരം പ്രതികരിച്ചു.

“കുറച്ചു ഗോളുകൾ നേടാൻ കഴിഞ്ഞതിനാൽ എന്നെ സംബന്ധിച്ച് ഇതൊരു മികച്ച സീസൺ തന്നെയായിരുന്നു, എന്നാൽ അതുകൊണ്ടൊന്നും ക്ലബിന്റെ ലക്‌ഷ്യം നിറവേറ്റാൻ കഴിഞ്ഞില്ല. എന്നാൽ അടുത്ത സീസണിൽ ഞങ്ങൾ ലീഗ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതാണ് ഞങ്ങളുടെ ലക്ഷ്യവും. അടുത്ത സീസണിൽ കൂടുതൽ ഗോളുകൾ നേടാനും ടീമിനെ വിജയങ്ങൾ നേടാൻ സഹായിക്കാനും കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”

“എനിക്കൊരുപാട് നല്ല നിമിഷങ്ങൾ ഈ സീസണിൽ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ സ്റ്റേഡിയത്തിൽ കളിച്ച ഓരോ മത്സരത്തിന് ശേഷവും, അത് ജയമാണെങ്കിലും തോൽവിയാണെങ്കിലും ആരാധകർ ആഘോഷിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞങ്ങൾക്ക് എല്ലാം സുഗമമാക്കാനും വേണ്ടത്ര പിന്തുണ നൽകാനും അവർ എല്ലായിപ്പോഴും അവിടെ ഉണ്ടായിരുന്നു.” ഡയമന്റക്കൊസ് പറഞ്ഞു.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയൊരു അഴിച്ചുപണി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളായി ഉള്ളത്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ കിരീടത്തിൽ കുറഞ്ഞ ഒന്നും ആരാധകർക്ക് സംതൃപ്‌തി നൽകില്ല.

Dimitrios Diamantakos Praise Kerala Blasters Fans Support