ദിമിത്രിയോസിനെ കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുമോ, ഗ്രീക്ക് ഗോൾമെഷീന് ഐഎസ്എല്ലിൽ നിന്നു തന്നെ വമ്പൻ ഓഫർ | Dimitrios

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലെ പ്രധാനപ്പെട്ട താരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ഇന്ത്യയിൽ കളിക്കുന്ന ആദ്യത്തെ സീസണിൽ തന്നെ പത്ത് ഗോളുകളും മൂന്നു അസിസ്റ്റും സ്വന്തമാക്കിയ താരം ഈ സീസണിൽ അതൊന്നു കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ഈ സീസണിൽ ഗ്രീക്ക് ഗോൾമെഷീൻ നേടിയിരിക്കുന്നത്.

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോഴാണ് ദിമിത്രിയോസിന്റെ മികവ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശരിക്കും മനസിലാക്കിയത്. നിരവധി യുവതാരങ്ങൾ നിറഞ്ഞ ടീമിനെ കൃത്യമായി മുന്നോട്ടു നയിക്കാൻ പരിചയസമ്പന്നനായ ദിമിത്രിയോസിനു കഴിഞ്ഞു. നിരവധി താരങ്ങൾക്ക് പരിക്കേറ്റത് ടീമിന്റെ ഫോമിനെ ബാധിച്ചെങ്കിലും അതൊന്നും ദിമിത്രിയോസിന്റെ ഗോൾവേട്ടക്ക് തടസമായില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി ഐഎസ്എല്ലിലെ നിരവധി ക്ലബുകൾ രംഗത്തുണ്ട്. ഇപ്പോൾ കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാൾ താരത്തിനായി വമ്പൻ ഓഫറുമായി പുറകേയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ തന്നെ ഈസ്റ്റ് ബംഗാൾ താരത്തിന് വേണ്ടി രംഗത്തു വന്നിരുന്നു. ഇപ്പൊൾ നേരത്തെ നൽകിയതിനേക്കാൾ മികച്ച ഓഫറാണ് ഈസ്റ്റ് ബംഗാൾ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തന്റെ ഭാവിയെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലാത്ത ദിമിത്രിയോസ് ഈ ഓഫറിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതിനിടയിൽ ദിമിത്രിയോസിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇത്രയും മികച്ചൊരു താരത്തെ വിട്ടു കളഞ്ഞാൽ അതൊരു വലിയ ബുദ്ധിമോശം തന്നെയാകും. അതേസമയം ദിമിത്രിയോസ് ഇന്ത്യയിൽ തുടരണോ യൂറോപ്പിലേക്ക് തിരിച്ചു പോകണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ നിൽക്കുകയാണ്.

Dimitrios Got Another Offer From East Bengal