“മെസിക്കു വേണ്ടി കളിക്കണമെന്ന് അവർ മനസിലാക്കി”- അർജന്റീനയുടെ ലോകകപ്പ് നേട്ടത്തെ പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ഐതിഹാസികമായ ഒന്നായിരുന്നു. രണ്ടു വർഷത്തോളം നീണ്ട അപരാജിതകുതിപ്പുമായി ലോകകപ്പിനെത്തിയ അർജന്റീനയെ ആദ്യത്തെ മത്സരത്തിൽ തന്നെ സൗദി അറേബ്യ വീഴ്ത്തിയതോടെ ഈ ടീമിന് കിരീടപ്രതീക്ഷയില്ലെന്നും ശരാശരി താരങ്ങളെ വെച്ച് ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പലരും വിലയിരുത്തി. എന്നാൽ അതെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ അർജന്റീനക്ക് കഴിഞ്ഞു.

ആ തോൽ‌വിയിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ അർജന്റീന ഉയർത്തെഴുന്നേറ്റു വരുന്നതാണ് പിന്നീട് നടന്ന മത്സരങ്ങളിൽ കണ്ടത്. ലയണൽ മെസി തന്നെയാണ് അതിന്റെ മുന്നിൽ നിന്നത്. മെക്‌സിക്കോക്കെതിരെ നേടിയ ഒരു തകർപ്പൻ ഗോളിലൂടെ അർജന്റീന ടീമിനെ ആത്മവിശ്വാസത്തിന്റെ നെറുകയിൽ എത്തിച്ച ലയണൽ മെസി പിന്നീട് ഓരോ മത്സരങ്ങളിലും മിന്നും പ്രകടനം നടത്തി ടീമിന് കിരീടം നേടിക്കൊടുത്തു. ടൂർണമെന്റിലെ മികച്ച താരവും മെസി തന്നെയായിരുന്നു.

സ്ഥാനമേറ്റെടുത്ത സമയം മുതൽ ലയണൽ മെസിക്ക് ചുറ്റും കറങ്ങുന്ന ഒരു ടീമിനെ ഉണ്ടാക്കിയെടുത്ത പരിശീലകൻ ലയണൽ സ്‌കലോണിയും ഈ കിരീടനേട്ടത്തിന്റെ സൂത്രധാരനാണ്. കഴിഞ്ഞ ദിവസം 1994ലെ ലോകകപ്പ് നേടുമ്പോൾ ബ്രസീലിന്റെ നായകനായിരുന്ന ദുങ്കയും ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ലോകകപ്പ് ഫൈനൽ വളരെയധികം സന്തോഷം നൽകിയ മത്സരമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

“ഫുട്ബോളിനെ ഇഷ്‌ടപ്പെടുന്ന എല്ലാവർക്കും അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ലോകകപ്പ് ഫൈനൽ മനോഹരമായ ഒരു അനുഭവം നൽകിയെന്നുറപ്പാണ്. എല്ലാവരും വളരെ ഉയർന്ന തലത്തിലാണ് കളിച്ചത്, മെസി വേണ്ട സമയത്തെല്ലാം നിര്ണായകമാവുകയും ചെയ്‌തു. അവരുടെ നിശ്ചയദാർഢ്യം കാണാൻ വളരെയധികം സന്തോഷമുണ്ടായിരുന്നു. അവർക്കറിയാമായിരുന്നു മെസിക്ക് വേണ്ടിയാണ് കളിക്കേണ്ടതെന്ന്, അതു രണ്ടും ലക്‌ഷ്യം നേടുന്നതിൽ വളരെ പ്രധാനമായി.” ദുങ്ക കഴിഞ്ഞ ദിവസം പറഞ്ഞു.

ബ്രസീലിനൊപ്പം കളിക്കാരനെന്ന നിലയിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ് ദുങ്ക. നിരവധി വർഷങ്ങൾ ബ്രസീൽ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ലോകകപ്പ് ഒഴികെയുള്ള നേട്ടങ്ങൾ അക്കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്. 2006 മുതൽ 2010 വരെയും 2014 മുതൽ 2016 വരെയും അദ്ദേഹം ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. അവസാനം ബ്രസീൽ ടീമിനെ പരിശീലിപ്പിച്ചതിനു ശേഷം പിന്നീടൊരു ക്ലബ്ബിന്റെയും ചുമതല അദ്ദേഹം ഏറ്റെടുത്തിട്ടില്ല.

Dunga Talks About Argentina World Cup Win